Type Here to Get Search Results !

Bottom Ad

യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറി: യൂണിവേഴ്സിറ്റിയുടെ തരംതാണ രാഷ്ട്രീയക്കളി അന്വേഷിക്കണം: യുഡിഎസ്എഫ്

കാസര്‍കോട് (www.evisionnews.co): കണ്ണൂര്‍ യൂണിവേഴ്സിറ്റി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ഗവ. കോളജില്‍ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി എസ്.എഫ്.ഐയുടെ യൂണിയന്‍ സ്ഥാനാര്‍ത്ഥിക്കനുകൂലമായി നടത്തിയ തരംതാണ ഇടപെടലുകള്‍ സമഗ്രമായി അന്വേഷിക്കണമെന്ന് എം.എസ്.എഫ്- കെ.എസ്.യു നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

നാമനിര്‍ദേശ പത്രികയുടെ കൂടെ ഹാജരാക്കിയ രേഖയില്‍ കൃത്രിമം നടന്നിട്ടുണ്ട്. ആഗസ്ത് 26ന് നടന്ന സൂക്ഷ്മ പരിശോധനയില്‍ എസ്.എഫ്.ഐ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി അഭിജിത്ത് മൂന്നാം സെമസ്റ്റര്‍ പാസാവാത്ത ആളാണെന്ന് റിട്ടേണിംഗ് ഓഫീസര്‍ക്കും അധ്യാപകര്‍ക്കും ബോധ്യപ്പെട്ടിട്ടും തരംതാണ നാടകം കളിക്കുകയായിരുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു. അന്നേദിവസം വൈകിട്ടാണ് സൂക്ഷ്മപരിശോധന നടത്തി അന്തിമ പട്ടിക പ്രസിദ്ധീകരിക്കേണ്ടത്. എന്നാല്‍ എസ്.എഫ്.ഐയുടെ രേഖകള്‍ പരിഗണിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്ന സൂപ്പര്‍വൈസര്‍ അടക്കം നിലപാടെടുത്തിട്ടും റിട്ടേണിംഗ് ഓഫീസര്‍ രേഖ ഹാജരാക്കാന്‍ അനാവശ്യ കാലതാസം നല്‍കുകയായിരുന്നു. തുടര്‍ന്ന് പിറ്റേദിവസം ഉച്ചയോടെ എസ്.എഫ്.ഐ മറ്റൊരു വ്യാജ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കുകയും കോളജ് അധികൃതരുടെ ആവശ്യപ്രകാരം സമാനമായ മാര്‍ക്ക് ലിസ്റ്റ് ഒപ്പും സീലും വെച്ച് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അയക്കുകയുമായിരുന്നു. 

26ന് 4.30ന് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ അന്തിമലിസ്റ്റ് പുറത്തുവിടുന്നതിന് പകരം 27ന് ഉച്ചയ്ക്ക് 12.30 വരെ സമയം നീട്ടിക്കൊടുത്തത് വഴി പ്രിന്‍സിപ്പാളും എസ്.എഫ്.ഐ നേതാക്കള്‍ക്ക് ഒത്താശ ചെയ്തതായി സംശയിക്കുന്നു. എസ്.എഫ്.ഐ നേതാവിന്റെ മാര്‍ക്ക് ലിസ്റ്റിന്റെ കാര്യത്തില്‍ സൂപ്പര്‍വൈസര്‍ കൃത്യമായ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ റിട്ടേണിംഗ് ഓഫീസറും പ്രിന്‍സിപ്പലും യൂണിവേഴ്സിറ്റിയും സ്വീകരിച്ചത് ദുരൂഹ നിലപാടുകളാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥിയെ സെമസ്റ്റര്‍ പരീക്ഷ വിജയിപ്പിക്കാന്‍ യൂണിവേഴ്‌സിറ്റി അനധികൃതമായി മാര്‍ക്ക് നല്‍കിയതായും നേതാക്കള്‍ ആരോപിച്ചു. യൂണിവേഴ്സിറ്റിയില്‍ നിന്ന് അഭിജിത്തിന് കലോത്സവത്തില്‍ തെരുവുനാടകം മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതിന് നാലു ശതമാനം (10 മാര്‍ക്ക്) ആണ് ലഭിക്കേണ്ടത്. എന്നാല്‍ പതിമൂന്ന് മാര്‍ക്ക് അധികം ലഭിച്ചിട്ടുണ്ട്. അധികമായി ലഭിച്ച മൂന്ന് മാര്‍ക്കില്‍ ഒരു മാര്‍ക്ക് പുനര്‍മൂല്യ നിര്‍ണയത്തില്‍ ലഭിച്ചതാണെന്ന് പറയുമ്പോള്‍ ആര്‍ക്കും ലഭിക്കാത്ത രണ്ടുമാര്‍ക്ക് അഭിജിത്തിന് മോഡറേഷനായി നല്‍കിയെന്നാണ് പറയുന്നത്. ഇതേകുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ സ്പെഷ്യല്‍ മോഡറേഷന്‍ ആണെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചതെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് യൂണിവേഴ്സിറ്റിയുടെ ഭാഗത്തു നിന്നും ലഭിച്ചത്. 

നേരത്തെ അഭിജിത്ത് ഗവ. കോളജില്‍ സമര്‍പ്പിച്ച അഫിഡവിറ്റില്‍ 156മാര്‍ക്ക്് കാണിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഗവ. കോളജില്‍ നിന്നും ആവശ്യപ്പെട്ടതു പ്രകാരം അഭിജിത്തിന്റെ മാര്‍ക്ക് ലിസ്റ്റ് അയച്ചുകൊടുത്തിരിക്കുന്നത്. സൂക്ഷപരിശോധനാ സമയത്ത് ഒന്നാം സെമസ്റ്റര്‍ വിജയിച്ചതായി കാണിച്ചിട്ടില്ല. ഇയാള്‍ക്ക് മത്സരിക്കാന്‍ വേണ്ടി കോളജിനകത്തുള്ള ചില അധ്യാപകരും സെനറ്റ് സിന്‍ഡിക്കേറ്റ് അംഗങ്ങളും ഇടപെടല്‍ നടത്തിയതായും എം.എസ്.എഫ്, കെ.എസ്.യു നേതാക്കള്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് രീതിയെ അട്ടിമറിക്കുന്ന തരത്തില്‍ റിട്ടേണിംഗ് ഓഫീസറും പ്രിന്‍സിപ്പലും യൂണിവേഴ്സിറ്റി അധികൃതരും തരംതാണ ഇടപെടലുകള്‍ നടത്തിയതിന് ക്രിമിനല്‍ കുറ്റം ചുമത്തി അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം ബഹുജന സമരപരിപാടികളുമായി മുന്നോട്ടുപോവുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. 

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ഇത്തരം രാഷ്ട്രീയ ഇടപെടല്‍ കേട്ടുകേള്‍വി ഇല്ലാത്തതാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് സ്റ്റേ അടക്കമുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും യൂണിവേഴ്സിറ്റി, കോളജ് അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും കോടതിയെ സമീപിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. 

പത്രസമ്മേളനത്തില്‍ നാഷണല്‍ സോണല്‍ സെക്രട്ടറി അസീസ് കളത്തൂര്‍, സംസ്ഥാന വൈസ് പ്രസിഡന്റ്് ഹാഷിം ബംബ്രാണി, ജില്ലാ പ്രസിഡന്റ്് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, വൈസ് പ്രസിഡന്റ്് നവാസ് കുഞ്ചാര്‍, കെ.എസ്.യു ജില്ലാ കമ്മിറ്റി അംഗങ്ങളായ ആബിദ് എടച്ചേരി, മാത്യു, യൂണിറ്റ് സെക്രട്ടറി അറഫാത്ത് കൊവ്വല്‍, എം.എസ്.എഫ് നേതാക്കളായ ്അഷ്‌റഫ് ബോവിക്കാനം, ഷാനിഫ് നെല്ലിക്കട്ട പങ്കെടുത്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad