കാസര്‍കോട് (www.evisionnews.co): ജലശക്തി അഭിയാന്‍ പദ്ധതി പ്രകാരം ജില്ലയിലെ ജലപ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി ജലനയം രൂപീകരിക്കും. ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആവിഷ്‌കരിക്കുന്ന ജലനയം മൂന്നുമാസത്തിനകം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ജലശക്തി അഭിയാന്‍ പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറായ വി.എം അശോക് കുമാര്‍ പറഞ്ഞു.
ജലനയ രൂപീകരണത്തിന്റെ ഭാഗമായി ജില്ലയിലെത്തിയ കേന്ദ്ര പ്രതിനിധി അശോക് കുമാര്‍ സിംഗ് വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. ചെര്‍ക്കളയിലെ ബംബ്രാണി നഗറിലെ ചേനപ്പുറംകുളം അദ്ദേഹം സന്ദര്‍ശിച്ചു. കുളത്തിനെ നല്ലരീതിയില്‍ സംരക്ഷിച്ചുവരുന്ന ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ അദ്ദേഹം അഭിനന്ദിച്ചു. മേഖലയിലെ ജലംസംരക്ഷണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടിയോട് അശോക് കുമാര്‍ സിങ് ചോദിച്ചറിഞ്ഞു. ശേഷം പള്ളിക്കര പഞ്ചായത്തിലെത്തിയ അദ്ദേഹം കുടിവെള്ളക്ഷാമം നേരിടുന്ന തോക്കാനംമൊട്ട കോളനിയിലെത്തി.
400അടി കുഴിച്ചിട്ടും കുഴല്‍കിണറുകളില്‍ വെള്ളം ലഭിക്കാത്ത സാഹചര്യമാണ് കോളനിയിലുള്ളത്. നാലുകുടിവെള്ള പദ്ധതികളില്‍ മഴക്കാലത്ത് മാത്രമാണ് വെള്ളം ലഭിക്കുന്നത്. പൊതുകിണറുകളും ജലസ്രോതസുകളും നവംബര്‍- ഡിസംബര്‍ മാസത്തോടെ വറ്റിവരളുന്ന സാഹചര്യമാണ് നിലവിലുള്ളത്. പള്ളങ്ങള്‍ സംരക്ഷിച്ച് നിലനിര്‍ത്താനും പാറകള്‍ കുഴിച്ച് മഴവെള്ള സംഭരണി നിര്‍മിക്കുന്നതിന്റെ സാധ്യത തേടാനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിരയോട് കേന്ദ്ര പ്രതിനിധി ആവശ്യപ്പെട്ടു. തുടര്‍ന്ന് ചിത്താരി പുഴയിലെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് സന്ദര്‍ശിച്ചു. ഇവിടത്തെ ഷട്ടര്‍ ദ്രവിച്ചതിനാല്‍ ഉപ്പുവെള്ളം പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന്കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി കേന്ദ്രപ്രതിനിധിയോട് പറഞ്ഞു. സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും വരെ താല്‍ക്കാലികമായി ഷട്ടര്‍ മാത്രം മാറ്റിസ്ഥാപിക്കണമെന്ന് അശോക് കുമാര്‍ സിങ് നിര്‍ദേശം നല്‍കി.ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വിഎം അശോക് കുമാര്‍, അഡിഷണല്‍ ഡെവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍) ബെവിന്‍ ജോണ്‍ വര്‍ഗീസ്, വാര്‍ഡ് മെംബര്‍മാര്‍, രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ അനുഗമിച്ചു.
Post a Comment
0 Comments