കാസര്‍കോട് (www.evisionnews.co): പൊതുതെരഞ്ഞെടുപ്പുകളില്‍ പോലും വോട്ടിംഗ് മെഷീനില്‍ കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ബുദ്ധിമുട്ടുള്ള കാലത്ത് സ്‌കൂള്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് താരമായിരിക്കുകയാണ് ബദിയടുക്ക ഹോളി ഫാമിലി സ്‌കൂളിലെ എട്ടാം ക്ലാസുകാരന്‍ ഗഗന്‍ റാം. സ്‌കൂള്‍ പാര്‍ലമെന്റ് ലേക്ക് സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍, ആര്‍ട്സ് സെക്രട്ടറി തുടങ്ങി ഒമ്പതോളം സ്ഥാനങ്ങളിലേക്കാണ് ഗഗന്‍ നിര്‍മിച്ച വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് ഇലക്ഷന്‍ നടത്തിയത്.
മുതിര്‍ന്നവര്‍ക്ക് പോലും തെറ്റു പറ്റാവുന്ന വോട്ടിംഗ് മെഷീന്‍ ലളിതവും സുതാര്യവുമായ രീതിയില്‍ നിര്‍മിക്കുകയായിരുന്നു ഗഗന്‍ റാം. തെരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രത്തില്‍ നടത്തണമെന്ന് പറഞ്ഞപ്പോള്‍ തങ്ങള്‍ അമ്പരന്നുപോയെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പിന്നീട് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഗഗനുള്ള പ്രവീണ്യവും താല്‍പര്യവും അറിഞ്ഞപ്പോള്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ചെറുപ്പം മുതലേ ഇലക്ട്രോണിക് ഉപകരണങ്ങളോട് താത്പര്യമുണ്ടായിരുന്ന ഗഗന്‍ സ്വന്തമായി ഓട്ടോമാറ്റിക് വാട്ടര്‍ ലെവല്‍ കണ്ട്രോളര്‍, എല്‍.ഇ.ഡി വര്‍ണ്ണ ബള്‍ബുകള്‍ തുടങ്ങി പലതും നിര്‍മിച്ചിട്ടുണ്ട്. കാസര്‍കോട് പെരിയ ഗവ. പോളിടെക്‌നിക് കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം മേധാവി എം. പുരന്തരയുടെയും കെ. പൂര്‍ണിമയുടെയും മകനാണ് ഈമിടുക്കന്‍. ആറാംതരം വിദ്യാര്‍ത്ഥി ഹേമന്ദ് റാം സഹോദരനാണ്.

Post a Comment
0 Comments