കോഴിക്കോട് (www.evisionnews.co): പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ എസ്.എഫ്.ഐ ക്രിമിനലുകള്‍ റാങ്ക് പട്ടികയില്‍ ഇടംനേടിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 20ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി കളക്ട്രേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ക്യാന്റീനില്‍ പാട്ട് പാടിയതിനെ തുടര്‍ന്നാണ് അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളായ ശിവരഞ്ജിത്തും നസീമും ചേര്‍ന്ന് കുത്തിപരിക്കേല്‍പിച്ചത്.
ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തും രണ്ടാം റാങ്കുകാരനായ പ്രണവും ഇരുപത്തിയെട്ടാം റാങ്കുകാരനായ നസീമും എസ്.എഫ്.ഐ നേതാക്കളും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ത്ഥികളും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളുമാണ്. കാസര്‍കോട് ബറ്റാലിയന്‍ തെരെഞ്ഞെടുത്തവര്‍ക്ക് എങ്ങനെ തിരുവനന്തപുരത്ത് പരീക്ഷ സെന്റര്‍ അനുവദിച്ചു എന്നതിനെ കുറിച്ചും അന്വേഷിക്കണം. യൂണിവേഴ്സിറ്റി കോളജില്‍ അഡ്മിഷന്‍ ലഭിച്ചത് കൊണ്ട് ഇവര്‍ മെറിറ്റുള്ള വിദ്യാര്‍ത്ഥികള്‍ ആണ് എന്ന വാദം ശരിയല്ല.
ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത് സ്പോര്‍ട്സ് ക്വോട്ടയിലാണ് യൂണിവേഴ്സിറ്റി കോളേജില്‍ അഡ്മിഷന്‍ നേടിയത് എന്ന് വ്യക്തമായിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നാണ് ഫിസിക്കല്‍ എഡ്യുക്കേഷന്റെ സീല്‍ പിടിച്ചെടുത്തത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയാണോ ഇവര്‍ അഡ്മിഷന്‍ നേടിയത് എന്ന് സംശയമുണ്ട്. ഇതേകുറിച്ചും അന്വേഷിക്കണം. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് യൂത്ത്ലീഗ് സംസ്ഥാന വ്യാപകമായി ജൂലൈ 20ന് ശനിയാഴ്ച കലക്ട്രേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും.
യൂണിവേഴ്സിറ്റി കോളേജ് ഉള്‍പ്പെടെയുള്ള പല കോളജുകളിലും എസ്.എഫ്.ഐക്ക് വേണ്ടി ഗുണ്ടാപണിയെടുക്കാന്‍ വരുന്നവര്‍ അഡ്മിഷന്‍ നേടുന്നത് സ്പോര്‍ട്സ് ക്വോട്ടയിലും സ്പോട്ട് അഡ്മിഷനിലുമാണെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. ഇതു സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വൈസ് പ്രസിഡന്റ് പി. ഇസ്മായില്‍ പങ്കെടുത്തു.

Post a Comment
0 Comments