ദേശീയം (www.evisionnews.co): രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് നടപടിയെന്ന് രാഹുല്‍ രാജിക്കത്തില്‍ പറയുന്നു. കത്ത് രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് രാജിയെന്ന് രാഹുല്‍ പറഞ്ഞു. പാര്‍ട്ടി തന്നെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്നും രാഹുല്‍ കത്തില്‍ പറഞ്ഞു
അതേസമയം മുതിര്‍ന്ന നേതാവും 90കാരനുമായ മോത്തിലാല്‍ വോഹ്റ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റാകും. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതോടെയാണ് വോഹ്റയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്. രാജി വിവരം ഇന്ന് രാഹുല്‍ ഗാന്ധി ഔദ്യോഗികമായി പരസ്യപ്പെടുത്തിയിരുന്നു.
മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് മോത്തിലാല്‍ വോഹ്റ. സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച വോഹ്റ 1970ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ 1972ല്‍ മധ്യപ്രദേശ് നിയമസഭയിലെത്തിയ അദ്ദേഹം പടി പടിയായുയര്‍ന്ന് 1985ല്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി. പിന്നീട് 1988ല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് കേന്ദ്ര മന്ത്രിസഭയിലെത്തി. ആരോഗ്യം, കുടുംബക്ഷേമം, വ്യോമയാനം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1993 മെയ് 16ന് യു.പി ഗവര്‍ണറായിരുന്നു.

Post a Comment
0 Comments