കാസര്‍കോട് (www.evisionnews.co): പനി ബാധിച്ച് സഹോദരങ്ങളായ കുരുന്നുകള്‍ മരിച്ച സംഭവം നാടിന്റെ നൊമ്പരമായി. ബദിയടുക്ക കന്യപ്പാടി സ്വദേശി സിദ്ദീഖ്- നിഷ ദമ്പതികളുടെ മക്കളായ മുഹമ്മദ് സിനാന്‍ (നാലര), സിദ്‌റത്തുല്‍ മുന്‍തഹ (എട്ടുമാസം) എന്നിവരാണ് ഒരു ദിവസത്തെ ഇടവേളയില്‍ മരണത്തിന് കീഴടങ്ങിയത്. പനി ബാധിച്ച് മൂന്നു ദിവസത്തിലധികമായി മംഗളൂരു ഫാദര്‍മുള്ളേഴ്‌സ് ആസ്പത്രിയിലായിരുന്നു. നിലഗുരുതരമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് സിദ്‌റത്തുല്‍ മുന്‍തഹ മരണത്തിന് കീഴടങ്ങിയത്. പിന്നാലെ ഇന്ന് രാവിലെയോടെ സിനാനും മരണപ്പെടുകയായിരുന്നു. കുട്ടികളുടെ മരണ വാര്‍ത്ത അറിഞ്ഞതോടെ നാടൊന്നാകെ ദുഖാര്‍ത്തമായി. വൈകിട്ടോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കുരുന്നുമക്കളുടെ മയ്യിത്തുകള്‍ കന്യാപ്പാടിയിലെത്തിച്ച് മറവുചെയ്തു.
അതിനിടെ പനി ബാധിച്ച് മരണം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഉന്നതതല ആരോഗ്യ സംഘം സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സത്യ വിരുദ്ധമായ പ്രചാരണങ്ങള്‍ വ്യാപിപ്പിക്കുന്നതായി ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നുംഅത്തരം പ്രചാരണങ്ങള്‍ വിശ്വസിക്കേണ്ടതില്ലെന്നും ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. ആരോഗ്യ വകുപ്പ് സ്ഥലത്തു കൃത്യമായ നീരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
Post a Comment
0 Comments