Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ സെല്‍ കണ്‍വീനറുടെ പ്രസ്താവന കോടതിയലക്ഷ്യം: ജില്ലാ കലക്ടര്‍ക്കെതിരെ ആഞ്ഞടിച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.എ റഹ്മാന്‍

കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ കണ്‍വീനറായ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു എന്‍ഡോസള്‍ഫാന്‍ ഒരു രോഗവുമുണ്ടാക്കുന്നില്ലെന്ന പൊതു പ്രസ്താവനയുമായി വന്നത് കോടതിയലക്ഷ്യവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.എ റഹ്മാന്‍ പറഞ്ഞു.

ഇവിടെ കൃഷിവകുപ്പ് ഉണ്ടാക്കിയ ഗുരുതരമായ ഒരു ആരോഗ്യ പ്രശ്‌നത്തിന്റെ പരിഹാരവും മറ്റു നഷ്ടപരിഹാര സംവിധാനവും നടപ്പിലാക്കാനായി സര്‍ക്കാറും ഭരണഘടനാ സ്ഥാപനവും നിയോഗിച്ച കലക്ടര്‍ തന്റെ ഔദ്യോഗിക ദൗത്യനിര്‍വഹണം മറക്കാന്‍ പാടില്ല. ഇവിടെ ലിസ്റ്റുണ്ടാക്കിയ ഡോക്ടര്‍മാര്‍ക്കെല്ലാം തന്നെ സര്‍ക്കാറിന്റെ പരമോന്നത ആരോഗ്യ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്കുപേഷനല്‍ ഹെല്‍ത്ത് (എന്‍.ഐ.ഒ.എച്ച്)ലെ ഡോക്ടര്‍ ഹബീബുള്ള സെയ്ദും സംഘവും രണ്ടുതവണ കാസര്‍കോട്ടു വന്ന് എപ്പിഡെമിയോളജിക്കല്‍ പഠനംനടത്തി രോഗകാരണം എന്‍ഡോസള്‍ഫാനെന്ന് തെളിയിച്ചുനല്‍കിയിട്ടുണ്ട്. ഈറിപ്പോര്‍ട്ടാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനായി സ്റ്റോക്ക് ഹോമിലും സുപ്രീം കോടതിയിലും തെളിവായത്. ഈരോഗികളെ ചികിത്സിക്കാനുള്ള രോഗലക്ഷണ രേഖകൂടിയാണത്. 

ഇപ്പോള്‍ അദ്ദേഹം തലവനായിരിക്കുന്ന റെമഡിയല്‍ സെല്ലിന്റെ അടിയാധാരവും ഈആരോഗ്യ റിപ്പോര്‍ട്ടാണ്. ഇനിയെങ്കിലും അതൊന്നെടുത്ത് വായിച്ച് വേണ്ട ഗൃഹപാഠം അദ്ദേഹം ചെയ്യണം. അദ്ദേഹം കൈകാര്യം ചെയ്യുന്ന കാര്‍ഷിക ശാസ്ത്രമാണ് 22വര്‍ഷം ആകാശത്തു നിന്നും തളിച്ച് ഈദുരന്തം സൃഷ്ടിച്ചത്. ആരോഗ്യ ശാസ്ത്രജ്ഞന്മാരായ വിദഗ്ദ ഡോക്ടര്‍മാരാണ് രോഗികളെ പരിശോധിച്ച് നിരന്തരമായ എന്‍ഡോസള്‍ഫാന്‍ തളിയിലൂടെ മനുഷ്യ ശരീരത്തിലുണ്ടായ എന്‍ഡോ ക്രൈന്‍ ഡിസ്‌റയ്ഷനാണ് രോഗങ്ങള്‍ക്ക് കാരണമെന്ന് സ്റ്റോക്ക് ഹോമിലും സുപ്രിം കോടതിയിലും തെളിയിച്ചത്. 

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. അരവിന്ദാക്ഷനെയാണ് രോഗികളെ തെരഞ്ഞെടുത്ത് ലിസ്റ്റുണ്ടാക്കുന്നതിനായി വിദഗ്ദ ആരോഗ്യ സമിതിയുടെ ചെയര്‍മാനായി സുപ്രീം കോടതി നിയോഗിച്ചത്. ഐ.എ.എസ് കാഡറിലുള്ള ഒരു ഉദ്യോഗസ്ഥന്‍ ഇതുചോദ്യം ചെയ്യുന്നതിലെ ഭരണഘടനാ വിരുദ്ധത അദ്ദേഹത്തെ ഇങ്ങോട്ട് അയച്ച കേരള സര്‍ക്കാറാണ് ഗൗരവതരമായി കാണേണ്ടത്. ആരോഗ്യ ശാസ്ത്ര പഠനം നടന്നിട്ടില്ലെന്ന് വരുത്തിത്തീര്‍ത്ത് അവാധുവാക്കി കോടതി കയറി എന്‍ഡോസള്‍ഫാന്‍ രക്ഷിക്കാനാണ് കലക്ടറുടെ പ്രസ്താവനയില്‍ ഒളിഞ്ഞിരിക്കുന്നത്- എം.എ റഹ്മാന്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad