Type Here to Get Search Results !

Bottom Ad

പെരിയ ഇരട്ടക്കൊല: നാലു പ്രതികള്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈപ്പറ്റി


കാസര്‍കോട് (www.evisionnews.co): പെരിയ കല്യോട്ടെ കൃപേഷ്, ശരത്ത് ലാല്‍ ഇരട്ടക്കൊല കേസില്‍ റിമാന്റില്‍ കഴിയുന്ന ഒരു പ്രതിയും ജാമ്യം കിട്ടിയ മൂന്നു പ്രതികളും കോടതിയില്‍ ഹാജരായി കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈപ്പറ്റി. കേസിലെ എട്ടാം പ്രതി ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന പാക്കം വെളുത്തോളിയിലെ എ സുബീഷ്, ജാമ്യം കിട്ടിയ 12-ാം പ്രതി ആലക്കോട്ടെ ബി. മണികണ്ഠന്‍, 13-ാം പ്രതി സിപിഎം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍, 14-ാം പ്രതി ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠന്‍ എന്നിവരാണ് കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈപ്പറ്റിയത്.

പ്രതികളെയും കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും സുരക്ഷയുടെ കാരണത്താല്‍ ഹാജരാക്കിയില്ല. ഇതേതുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മറ്റു പ്രതികളെ 20ന് ഹാജരാക്കാന്‍ കോടതി ജയിലധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ജാമ്യം കിട്ടിയ പ്രതികളെ സമന്‍സ് അയച്ചാണ് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചത്.

പ്രതികള്‍ക്ക് നല്‍കിയ കുറ്റപത്രത്തിന്റെ പകര്‍പ്പില്‍ നിന്ന് രണ്ടു സാക്ഷികളുടെ മൊഴി ഒഴിവാക്കിയിട്ടുണ്ട്. ഇവരുടെ മൊഴി അതീവ രഹസ്യമാക്കി വയ്ക്കണമെന്ന് കുറ്റപത്രത്തോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രത്യേക റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണിത്.

കഴിഞ്ഞ 20ന് രാവിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി പിഎം പ്രദീപ് ആണ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ആയിരം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. 

സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കല്യോട്ട് ഏച്ചിലടുക്കത്തെ എ. പീതാംബരന്‍ (45), ഏച്ചിലടുക്കത്തെ സി.ജെ സജി എന്ന സജി ജോര്‍ജ് (40), തളിപ്പറമ്പ് ചപ്പാരപ്പടവ് ഒടുവള്ളി കാവുംകല്‍ സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ ഏച്ചിലടുക്കം പൊടോളിത്തട്ടില്‍ കെ.എം സുരേഷ് (27), ഓട്ടോ ഡ്രൈവര്‍ ഏച്ചിലടുക്കത്തെ കെ. അനില്‍കുമാര്‍ (35), കല്ല്യോട്ടെ ജി ഗിജിന്‍ (26), ജീപ്പ് ഡ്രൈവര്‍ കല്ല്യോട്ടെ പ്ലാക്കാത്തൊട്ടിയില്‍ ആര്‍. ശ്രീരാഗ് എന്ന കുട്ടു (22), കുണ്ടംകുഴി മലാംകാട്ടെ എ. അശ്വിന്‍ (അപ്പു-18), പാക്കം വെളുത്തോളിയിലെ എ. സുബീഷ് (29), തന്നിത്തോട്ടെ എം. മുരളി (36), തന്നിത്തോട്ടെ ടി. രഞ്ജിത്ത് (46), പ്രദീപ് എന്ന കുട്ടന്‍ (42), ആലക്കോട് ബി. മണികണ്ഠന്‍, പെരിയയിലെ എ. ബാലകൃഷ്ണന്‍, കെ. മണികണ്ഠന്‍ എന്നിവരാണ് പ്രതികള്‍. 




Post a Comment

0 Comments

Top Post Ad

Below Post Ad