
കാസര്‍കോട് (www.evisionnews.co): ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്റെ പരാജയത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.മുന്‍ കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി തോമസ് അധ്യക്ഷനായ സമിതിയില്‍ എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുണുനാഥ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ അംഗങ്ങളാണ് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷനോട് നിര്‍ദേശിച്ചിട്ടുണ്ട്.
ആലപ്പുഴയിലെ പരാജയം തികച്ചും അവിശ്വസനീയമാണ്. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും വിജയിക്കുമെന്ന വിശ്വാസം കോണ്‍ഗ്രസിനുണ്ടായിരുന്നു. വിജയിക്കുന്ന മണ്ഡലങ്ങളില്‍ ആലപ്പുഴയിലും വലിയ പ്രതീക്ഷയാണുണ്ടായിരുന്നത്. വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ആലപ്പുഴയിലെ ഫലം നിരാശാ ജനകമായിത്തീര്‍ന്നു. സംഘടനാ പരമായ വീഴ്ച ഇവിടെ സംഭവിച്ചിട്ടുണ്ട്. ആലപ്പുഴയിലെ പരാജയ വിവരമറിഞ്ഞതിന് ശേഷം കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗവും തുടര്‍ന്ന് പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റിയും യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്റെ നിര്‍ദ്ദേശ പ്രകാരം മൂന്നംഗ സമിതിയെ നിയോഗിച്ചതെന്നും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി എ.കെ ആന്റണി ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സൈബര്‍ ആക്രമം നടത്തുന്നത് ഗൗരവമായി കാണും. ചില ശിഖിണ്ഡികളെ മുന്‍നിര്‍ത്തിയാണ് നേതാക്കളെ തേജോവധം ചെയ്യുന്നത്. ഇത് വെച്ചുപൊറുപ്പിക്കില്ല. ഡോ. ശശി തരൂര്‍ ചെയര്‍മാനും അനില്‍ ആന്റണി ജനറല്‍ കണ്‍വീനറുമായുള്ള ഐ.ടി സെല്‍ കോണ്‍ഗ്രസിനുണ്ട്. ആന്റണിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കുറിച്ച് അന്വേഷിക്കാന്‍ ശശി തരൂരിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
കാസര്‍കോടും വടകരയിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചത് സി.പി.എമ്മിന്റെ അക്രമ രാഷ്ടീയത്തിനെതിരെയുള്ള വിധിയെഴുത്താണ്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വലിയ വിജയത്തിന് കാരണം ന്യൂനപക്ഷങ്ങളുടെയും സാമുദായിക സംഘടനകളുടെയും സ്ത്രീകളുടെയും യുവാക്കളുടെയും പിന്തുണ കൊണ്ടായിരുന്നു. ഉത്തരേന്ത്യയില്‍ ബി.ജെ.പി, സംഘ് പരിവാര്‍ പരീക്ഷിച്ച തീവ്രഹിന്ദുത്വ നിലപാട് കേരളത്തില്‍ വിലപ്പോവില്ല. സിസി.ഒ.ടി നസീര്‍ കോണ്‍ഗ്രസിലേക്ക് വരുകയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. പരിശീലനം ലഭിച്ച ഗുണ്ടകളാണ് നസീറിനെ വധിക്കാന്‍ ശ്രമിച്ചത്. മൂന്നുതവണ ഗൂഢാലോചന നടന്നതായി നസീര്‍ മൊഴി നല്‍കിയിട്ടും ഇത് അന്വേഷിക്കാന്‍ പൊലീസ് തയാറായില്ല. കാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ഭയമായി പഠിക്കാന്‍ അവസരം സൃഷ്ടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അടുത്ത് നടക്കാനിരിക്കുന്ന ആറു നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയം സുനിശ്ചിതമാണ്. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ.രതി കുമാര്‍, അഡ്വ. സി.കെ ശ്രീധരന്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, പി.എ അഷ്‌റഫലി, എം.സി പ്രഭാകരന്‍, കരുണ്‍ താപ്പ, എം.കെ നമ്പ്യാര്‍, കെ.കെ രാജേന്ദ്രന്‍ ബാലകൃഷ്ണന്‍ പെരിയ, പി.വി സുരേഷ്, ഹരീഷ് പി. നായര്‍, സി.വി ജയിംസ് സംബന്ധിച്ചു.
Post a Comment
0 Comments