കേരളം (www.evisionnews.co): കേരള കോണ്‍ഗ്രസ് മറ്റൊരു പിളര്‍പ്പിന്റെ വക്കില്‍. കേരള കോണ്‍ഗ്രസ് ഒന്നായി തന്നെ യുഡിഎഫില്‍ തുടരണം എന്ന താത്പര്യത്തില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതൃത്വങ്ങള്‍ സമവായത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ ഒരു കരയ്ക്കും അടുക്കാത്ത നിലയിലാണ്. കാരണം പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം വിട്ടുള്ള ഒരു കളിക്കും ഇരുപക്ഷവും ഒരുക്കമല്ല എന്നതാണ്. കെ. എം മാണിയോടൊപ്പം സീനിയോറിറ്റിയും പരിചയസമ്പത്തും ഉള്ള സൗമ്യ വ്യക്തിത്വത്തിനുടമയുമായ പി.ജെ ജോസഫ് ചെയര്‍മാനാകണമെന്ന താത്പര്യം തന്നെയാണ് യുഡിഎഫ് നേതൃത്വത്തിനുള്ളത്.
ജോസ് കെ. മാണി ചെയര്‍മാനാവുകയും അദ്ദേഹത്തിന് താഴെ പി.ജെ ജോസഫ് എന്ന അവസ്ഥ ഒരു തരത്തിലും ഭൂഷണമാകില്ലെന്ന രാഷ്ട്രീയ വകതിരിവ് കോണ്‍ഗ്രസിനും ലീഗിനുമുണ്ട്. പക്ഷെ, ജോസ് കെ. മാണിയെ പിണക്കി പരസ്യമായി ഇത്തരം ഒരു നിലപാടിലേക്ക് പോകാന്‍ ഇരുപാര്‍ട്ടികളും തയ്യാറല്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടി പിളരാതെ തന്നെ മുന്നോട്ട് പോകണമെന്നുള്ള അന്ത്യശാസന നല്‍കാനാണ് കോണ്‍ഗ്രസ് നീക്കം. ഇനിയും ഒരു പിളര്‍പ്പ് യു.ഡി.എഫിന്റെ പ്രതിച്ഛായക്ക് വലിയ തോതില്‍ കളങ്കം വരുത്തുമെന്ന ഉറച്ച നിഗമനത്തിലാണ് കോണ്‍ഗ്രസ്, ലീഗ് നേതൃത്വങ്ങള്‍.
അതിനിടെ, കോണ്‍ഗ്രസിന്റെ പി.ജെ ജോസഫിനോടുള്ള താത്പര്യം ജോസ് കെ. മാണി വിഭാഗത്തിന് ചെറുതല്ലാത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.
ഒരു പിളര്‍പ്പുണ്ടായാല്‍ തങ്ങള്‍ യുഡിഎഫില്‍ തുടരുന്നത് ഭാവിയില്‍ ഗുണം ചെയ്യില്ലെന്ന നിഗമനത്തിലാണ് ജോസ് കെ. മാണി വിഭാഗം. അതുകൊണ്ട് അവര്‍ എല്‍ഡിഎഫുമായി അടുക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. അങ്ങിനെ വന്നാല്‍ ജോസ് കെ. മാണിക്ക് ഒരു മന്ത്രിസ്ഥാനം ഉറപ്പിക്കാന്‍ കഴിയുമെന്ന സാധ്യതയുമുണ്ട്. പാലാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും കഴിയും. ഈ കണക്കുകള്‍ കൂട്ടിക്കിഴിച്ചാണ് പിളര്‍പ്പെങ്കില്‍ പിളര്‍പ്പ് എന്ന ലൈനില്‍ രണ്ടും കല്‍പിച്ച് ജോസ് കെ മാണി വിഭാഗം നീങ്ങുന്നത്.

Post a Comment
0 Comments