കുമ്പള (www.evisionnews.co): ബേക്കൂര്‍ സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ അല്‍ത്താഫി (48)നെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും ബൊലേനോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വിഫ്റ്റ് കാര്‍ കര്‍ണ്ണാടകയിലെ ബെഡ്ക്കളയില്‍ നിന്നും ബൊലേനോ കാര്‍ ബേഡകം മരുതടുക്കത്തു നിന്നുമാണ് പൊലീസ് പിടികൂടിയത്. ബെഡ്ക്കളയില്‍ ഒരു ഹോട്ടലുടമയുടെ പറമ്പില്‍ നിന്നാണ് ഒരുകാര്‍ കണ്ടെത്തിയത്. പ്രതികളില്‍ ചിലര്‍ മുമ്പ് ഈ ഹോട്ടലില്‍ ജോലി ചെയ്തിരുന്നതായാണ് വിവരം. പൊലീസ് പിന്‍തുടരുന്നതായി അറിഞ്ഞതോടെ സംഘം കാര്‍ ഇവിടെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം പൈക്ക സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അല്‍ത്താഫിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിനെ കുറിച്ച് സൂചന ലഭിച്ചത്. ചെര്‍ക്കള സ്വദേശിയില്‍ നിന്ന് പൈക്ക സ്വദേശി കാര്‍ വാടകയ്ക്ക് വാങ്ങി ഷബീറിന് കൈമാറുകയായിരുന്നു. മരുതടുക്കത്ത് ഒരു വീടിനു സമീപത്താണ് കാര്‍ ബൊലേനോ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ഈ കാറും വാടകയ്ക്ക് വാങ്ങിയതാണ്. പ്രതാപ് നഗറിലെ ഷബീര്‍, ലത്തീഫ്, റിയാസ്, റഫീഖ്, ജലീല്‍ തുടങ്ങി ഏഴ് പ്രതികളെ കണ്ടെത്തുന്നതിനാണ് അന്വേഷണം തുടരുന്നത്. ഒളിവില്‍ കഴിയുന്ന പ്രതികള്‍ കര്‍ണ്ണാടക വിട്ടുപോകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. പ്രതികളില്‍ ചിലര്‍ കര്‍ണ്ണാടകയിലും ഏതാനും കേസുകളില്‍ പ്രതികളായതിനാല്‍ ഇവിടത്തെ പൊലീസും ഇവരെ തിരിച്ചറിയുമെന്നതിനാലാണ് കര്‍ണ്ണാടകക്ക് പുറത്തേക്ക് സംഘം കടന്നേക്കാമെന്ന നിഗമനത്തിലെത്തിയത്.
ഈമാസം 23ന് രാവിലെയാണ് അല്‍ത്താഫിനെ പ്രതാപ് നഗര്‍ പുല്‍ക്കുത്തിയിലെ വീട്ടില്‍ നിന്ന് ഷബീറിന്റെ നേതൃത്വത്തിലുള്ള സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. ഷബീറിന്റെ പത്തു വയസുള്ള മകനെയും ഒപ്പം തട്ടിക്കൊണ്ടുപോയിരുന്നു. കുട്ടിയെ പിന്നീട് വിട്ടയച്ചെങ്കിലും അല്‍ത്താഫുമായി സംഘം കാറില്‍ പലയിടങ്ങളിലും ചുറ്റിക്കറങ്ങുകയായിരുന്നു. ഇതിനിടയില്‍ വൈകിരട്ടോടെയാണ് അല്‍ത്താഫിനെ സംഘംവെട്ടി പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ 25ന് രാവിലെയാണ് മരണപ്പെട്ടത്. കേസില്‍ മൊത്തം എട്ടു പ്രതികളാണുള്ളത്. മുഖ്യപ്രതി ഷബീറിന്റെ കൂട്ടാളിയായ ഉപ്പള പെരിങ്കടിയിലെ റുമൈസിനെ (20) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Post a Comment
0 Comments