മലപ്പുറം (www.evisionnews.co): വയനാട്ടിലെ ഓരോ വ്യക്തിക്കുമായി തന്റെ വാതില്‍ തുറന്നുകിടക്കുമെന്ന് വയനാട് സന്ദര്‍ശനത്തിനെത്തിയ എം.പിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി. കേരളത്തില്‍ നിന്നുള്ള എം.പി എന്ന സ്ഥിതിക്ക് തന്റെ മണ്ഡലമായ വയനാടിന്റെ മാത്രമല്ല, കേരളത്തെ മൊത്തം പ്രതിനിധീകരിക്കുക തന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഉച്ച മുതല്‍ ഞായറാഴ്ച വരെ കേരളത്തിലെ ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും കാണുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കേരളത്തിന്റെ അവസ്ഥ കൂടുതല്‍ അറിഞ്ഞും മനസിലാക്കിയും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ഭൂരിപക്ഷം തന്ന ജനങ്ങള്‍ക്ക് നന്ദിയെന്നും രാഹുല്‍ പറഞ്ഞു.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുലിനെ യു.ഡി.എഫ് നേതാക്കള്‍ സ്വീകരിച്ചു. അതിന് ശേഷം വയനാട് മണ്ഡലത്തിലേക്ക് രാഹുല്‍ ഗാന്ധി പോയി. മലപ്പുറം ജില്ലയിലെ തിരുവാലിയില്‍ ആയിരുന്നു ആദ്യ സ്വീകരണം, വാഹനത്തില്‍ നിന്നും ഇറങ്ങി ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി. രാഹുല്‍ എത്തിയപ്പോള്‍ മണ്ഡലത്തില്‍ ഉടനീളം കോരിച്ചൊരിയുന്ന മഴയായിരുന്നു. മഴ സ്വീകരണ കേന്ദ്രത്തിലെ പങ്കാളിത്തത്തെ ബാധിച്ചതേയില്ല. കാളികാവിലും വന്‍ജന പങ്കാളിത്തമാണ് സ്വീകരണത്തിനുണ്ടായിരുന്നത്.
കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ പദവിയില്‍ തുടരുമോ എന്ന സംശയം നിലനില്‍ക്കേ വയനാട്ടിലെത്തിയ രാഹുലിനോട് സ്ഥാനത്ത് നിന്നും മാറരുതെന്ന സന്ദേശമാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നല്‍കിയത്. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം 'ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുണ്ട്', 'ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്', 'രാജ്യത്തിന് നിങ്ങളെ ആവശ്യമുണ്ട്' എന്നെല്ലാം എഴുതിയ പോസ്റ്ററുകള്‍ നിരവധി പ്രവര്‍ത്തകര്‍ സ്വീകരണ കേന്ദ്രങ്ങളില്‍ ഉയര്‍ത്തി. എല്ലാ കേന്ദ്രങ്ങളിലും ഇത്തരം പോസ്റ്ററുകള്‍ ധാരാളമായി പ്രവര്‍ത്തകര്‍ കൈയ്യിലേന്തിയിട്ടുണ്ടായിരുന്നു.

Post a Comment
0 Comments