കാസര്‍കോട് (www.evisionnews.co): രാഷ്ട്രീയ സംഘട്ടനങ്ങളിലും അക്രമങ്ങളിലും നിസാരമായി പരിക്കേറ്റ് ആസ്പത്രികളിലെത്തുന്നവര്‍ക്ക് ഡോക്ടര്‍മാര്‍ നല്‍കുന്ന വൂണ്ട് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരിത ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുസ്്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് ചെങ്കള സഹകരണ ആസ്പത്രിയില്‍ പ്രവേശിക്കുന്നവര്‍ക്ക് കേസില്‍ ഗുരുതര വകുപ്പുകള്‍ ചേര്‍ക്കുന്നതിന് അനുയോജ്യമായ രീതിയിലുള്ള വൂണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വരികയാണ്. ആസ്പത്രി മാനേജ്‌മെന്റിന് താല്‍പര്യമുള്ള സ്വന്തം പാര്‍ട്ടിക്കാരായ ആളുകള്‍ക്കാണ് ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. അക്രമ സംഭവങ്ങളില്‍ പ്രതികളാവാന്‍ സാധ്യതയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ പ്രസ്തുത ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തും ഇല്ലാത്ത പരിക്കിന്റെ പേരില്‍ വ്യാജ വൂണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിവരുന്നു.
യാതൊരുവിധ പരിക്കുമില്ലാത്തര്‍ക്ക് 307, 308, 326 വകുപ്പുകള്‍ പ്രകാരം കള്ളക്കേസുകള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് എല്ല് പൊട്ടാത്തവര്‍ക്ക് എല്ല് പൊട്ടിയെന്നും പല്ല് പൊട്ടാത്തവര്‍ക്ക് പല്ല് പോയെന്നും തലയോട്ടി പൊട്ടാത്തവര്‍ക്ക് പൊട്ടിയെന്നും രേഖപ്പെടുത്തി ആസ്പത്രി മാനേജ്മെന്റിന്റെ താല്‍പര്യ പ്രകാരം ഡോക്ടര്‍മാര്‍ വ്യാജ വൂണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നത്. സി.പി.എം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ജയില്‍ ശിക്ഷ കൂടി ഉറപ്പുവരുത്തന്നതിന് വേണ്ടിയും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതിനായി പ്രത്യേക ഡോക്ടര്‍മാരെ തന്നെ ആസ്പത്രിയില്‍ നിയമിച്ചിരിക്കുകയാണ്.
ചെങ്കള നായനാര്‍ മെമ്മോറിയല്‍ സഹകരണ ആസ്പത്രിയില്‍ നിന്നും നല്‍കുന്ന വൂണ്ട് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്താന്‍ മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും അതാത് സമയങ്ങളില്‍ മെഡിക്കല്‍ ബോര്‍ഡിന് സമര്‍പ്പിക്കണമെന്ന് അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Post a Comment
0 Comments