തിരുവനന്തപുരം (www.evisionnews.co): രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടില്‍ കേരളം യു.ഡി.എഫിന്. 12മുതല്‍ 14വരെ സീറ്റുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുകയറും. ആറുസീറ്റില്‍ ഇടതുമുന്നണി വിജയം ഉറപ്പിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മൂന്നാം സ്ഥാനത്തും പത്തനംതിട്ടയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്തും എത്തും.
പാലക്കാട്, കാസര്‍കോട്, ആറ്റിങ്ങല്‍, ആലപ്പുഴ, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളാണ് ഇടതുമുന്നണിയ്ക്ക് ലഭിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ഒമ്പത് മണ്ഡലങ്ങളില്‍ കടുത്ത മത്സരമാണ് നടന്നതെന്നും ചിലപ്പോള്‍ മാറ്റം വരാമെന്നും റിപ്പോര്‍ട്ടിലുണ്ട്. കൊല്ലം, എറണാകുളം, ചാലക്കുടി, തൃശൂര്‍, മാവേലിക്കര, ആലത്തൂര്‍, വടകര, കണ്ണൂര്‍, കോഴിക്കോട് മണ്ഡലങ്ങളിലാണ് കടുത്ത മത്സരം നടന്നതെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, വയനാട്, പൊന്നാനി, മലപ്പുറം മണ്ഡലങ്ങളില്‍ യു.ഡി.എഫ് തന്നെ ജയിച്ചു കയറും. വടകരയില്‍ ചിലപ്പോള്‍ ചുരുങ്ങിയ വോട്ടിന് എല്‍.ഡി.എഫ് ജയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കടുത്ത മത്സരം നടന്ന മണ്ഡലങ്ങള്‍ മാറിമറിയാമെങ്കിലും യു.ഡി.എഫിന് ആധിപത്യമുണ്ട്. ശബരിമല വിഷയത്തില്‍ ബി.ജെ.പിയിലേക്കുള്ള സ്ത്രീ വോട്ടുകളുടെ ഒഴുക്ക് തടയാന്‍ കോണ്‍ഗ്രസിനായി എന്നും ഭൂരിപക്ഷ സമുദായത്തിലെ വോട്ട് ബി.ജെ.പിയും യു.ഡി.എഫും പങ്കിട്ടെന്നും ന്യൂനപക്ഷ വോട്ട് കോണ്‍ഗ്രസില്‍ കേന്ദ്രീകരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതോടെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുവരെ എല്‍.ഡി.എഫില്‍ കേന്ദ്രീകരിച്ചിരുന്ന ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിലേക്ക് ഒഴുകി.

Post a Comment
0 Comments