കാസര്‍കോട് (www.evisionnews.co): പെരിയയില്‍ സിപിഎം കൊലക്കത്തിക്കിരയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ കുടുംബം ഹൈബി ഈഡന്‍ എം.എല്‍.എ തണല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച് നല്‍കിയ വീട്ടില്‍ താമസം തുടങ്ങി. കൃപേഷിന്റെ മരിക്കാത്ത ഓര്‍മകള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തിലായിരുന്നു കിച്ചൂസ് എന്ന പേരിട്ട വീടിന്റെ പ്രവേശച്ചടങ്ങുകള്‍ നടന്നത്. അച്ഛന്‍, അമ്മ സഹോദരിമാരുമടങ്ങുന്ന കുടുംബം പുതിയ വീട്ടിലേക്ക് വലതു കാല്‍ വെച്ച് കയറിയപ്പോള്‍ കണ്ടുനിന്നവരില്‍ ആനന്ദാശ്രു ചൊരിയുന്നുണ്ടായിരുന്നു. ചടങ്ങില്‍ ഹൈബി ഈഡന്‍ കുടുംബ സമേതം എത്തിയിരുന്നു. വി.ഡി സതീഷന്‍ എം.എല്‍.എയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും യു.ഡി.എഫ് പ്രവര്‍ത്തകരും അടക്കം വന്‍ ജനാവലി തന്നെ ചടങ്ങിനെത്തിയിരുന്നു.
പഴയ വീടിനോട് ചേര്‍ന്ന് 1100 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് വീടിന്റെ നിര്‍മാണം. 20ലക്ഷം രൂപ ചിലവിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ശുചി മുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികള്‍. സ്വീകരണ മുറിയും ഭക്ഷണ മുറിയും അടുക്കളയും ചേര്‍ന്നതാണ് വീട്. പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വീട്ടു വളപ്പില്‍ കുഴല്‍ കിണറും നിര്‍മിച്ചുനല്‍കിയിട്ടുണ്ട്. കെ.പി.സി.സി സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ഡി.സി.സി സെക്രട്ടറിമാരായ ബാലകൃഷ്ണന്‍ പെരിയ, പി.കെ ഫൈസല്‍, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മീനാക്ഷി ബാലകൃഷ്ണന്‍, യു.ഡി.എഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ തുടങ്ങി നിരവധി നേതാക്കള്‍ പാലുകാച്ചല്‍ ചടങ്ങിന് എത്തിയിരുന്നു.

Post a Comment
0 Comments