(www.evisionnews.co) യാത്രാമധ്യേ കേടായ ബസിനു പകരം യാത്രാ സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ട യുവാക്കള്‍ക്ക് ബസ് ജീവനക്കാരുടെ ക്രൂരമര്‍ദ്ദനം. തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്ക് പോയ സുരേഷ് കല്ലട ബസാണ് അര്‍ദ്ധരാത്രി നടുറോഡില്‍ കേടായത്. ബംഗ്‌ളൂരുവില്‍ വിദ്യാര്‍ത്ഥികളായ 3 പേരെയാണ് ജീവനക്കാരും മറ്റും സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്.
തിരുവനന്തപുരത്തു നിന്ന് ശനിയാഴ്ച രാത്രി പത്തോടെ പുറപ്പെട്ട മള്‍ട്ടി ആക്സില്‍ എസി ബസ് ഹരിപ്പാടിനു സമീപം കരുവാറ്റയില്‍ വെച്ച് കേടായി. തുടര്‍ന്നു ഡ്രൈവറും ക്ലീനറും ബസില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഫോണുകള്‍ ഓഫ് ചെയ്തെന്നും യാത്രക്കാര്‍ പറയുന്നു. മണിക്കൂറുകളോളം പെരുവഴിയിലായ യാത്രക്കാര്‍ ജീവനക്കാരുമായി തര്‍ക്കമായി. തുടര്‍ന്ന് ഹരിപ്പാട് പൊലീസ് ഇടപെടുകയും പകരം ബസ് എത്തിച്ച് യാത്ര തുടരുകയും ചെയ്തു. പുലര്‍ച്ചെ നാലരയോട ബസ് കൊച്ചി വൈറ്റിലയിലെ കല്ലട ഓഫിസ് പരിസരത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം.
ഹരിപ്പാട്ടെ തര്‍ക്കത്തിനു പകരം ചോദിക്കാന്‍ ജീവനക്കാര്‍ കൂട്ടത്തോടെ ബസിനുള്ളിലേക്കു കയറി യുവാക്കളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ ഇവരെ ബലമായി വലിച്ചിഴച്ച് ബസിനു പുറത്താക്കി. ബസ് ബംഗളൂരുവിലേക്കു യാത്ര തുടര്‍ന്നു. ഉറക്കത്തിലായിരുന്ന സ്ത്രീകളും കുട്ടികളും അടക്കം ഞെട്ടിയുണര്‍ന്നെങ്കിലും ഭയന്ന് ആരും പ്രതികരിച്ചില്ല.

Post a Comment
0 Comments