കാസര്‍കോട് (www.evisionnews.co): യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും. ഫെബ്രുവരി 17ന് രാത്രിയാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. പൊലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും നടത്തിവരുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും നേരത്തെ തന്നെ ആരോപിക്കുന്നുണ്ട്.
കേസില്‍ സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാബരന്‍ അടക്കമുള്ള പ്രതികളെ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും വിവിധ ഘട്ടങ്ങളിലായി അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പറഞ്ഞ് പൊലീസ് കണ്ടെത്തിയ ആയുധങ്ങള്‍ വ്യാജമാണെന്ന് ആരോപണമുയര്‍ന്നതും ഇരട്ടക്കൊലയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെട്ട പലരേയും അറസ്റ്റ് ചെയ്യാതിരുന്നതും അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന ആവശ്യത്തിലേക്ക് കുടുംബത്തേയും യു.ഡി.എഫ് നേതാക്കളേയും എത്തിക്കുകയായിരുന്നു.
Post a Comment
0 Comments