കാസര്‍കോട്: (www.evisionnews.co) ചന്ദ്രഗിരിപ്പുഴയില്‍ വെള്ളം കുറഞ്ഞതോടെ ബാവിക്കരയിലെ ജലഅതോറിറ്റി പ്ലാന്റില്‍ നിന്നുള്ള പമ്പിങ്ങ് നിര്‍ത്തിയ സാഹചര്യത്തില്‍ കുടിവെള്ളത്തിന് ബദല്‍ സംവിധാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കത്തയച്ചു. പമ്പിംഗ് നിര്‍ത്തിവെച്ചതോടെ കാസര്‍കോട് നഗരത്തിലെയും പരിസരങ്ങളിലെയും ആയിരക്കണക്കിനാളുകള്‍ക്ക് കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. കുടിവെള്ള വിതരണത്തിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ജനജീവിതം ദുസഹമായിത്തീരുമെന്നതില്‍ സംശയമില്ല. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ വെള്ളം മുടങ്ങിയതിനാല്‍ രോഗികളും ജീവനക്കാരും അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്.
വ്യാഴാഴ്ച രാവിലെ പത്തോടെയാണ് പമ്പിംഗ് നിര്‍ത്തിവെച്ചത്. ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ പമ്പിനു കുലുക്കമനുഭവപ്പെടുന്നതായി സാങ്കേതിക വിഭാഗം ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളത്തില്‍ ഉപ്പിന്റെ അംശം കൂടുകയും ചെയ്തിട്ടുണ്ട്. ഒരു ലിറ്ററില്‍ 900 മില്ലിഗ്രാമാണ് ഇപ്പോള്‍ ഉപ്പിന്റെ അളവ്. 250 മില്ലിഗ്രാമാണു കുടിവെള്ളത്തിന് അനുവദനീയം. ടാങ്കര്‍ ലോറി വഴിയുള്ള ജലവിതരണം നടത്തിയാലേ കാസര്‍കോടിന്റെ ദാഹത്തിന് ശമനമുണ്ടാവുകൂ. ദുരിതപൂര്‍ണമായ സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് മതിയായ ഫണ്ട് അനുവദിക്കണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കത്തില്‍ ആവശ്യപ്പെട്ടു.

Post a Comment
0 Comments