കാസര്‍കോട് (www.evisionnews.co): പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ 80.27 ശതമാനം പോളിംഗ്. ഏഴു നിയോജക മണ്ഡലങ്ങളിലായി ആകെയുള്ള 1360827 വോട്ടര്‍മാരില്‍ 1092451 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 505232 (76.96 ശതമാനം) പുരുഷന്മാരും 587218 (83.36 ശതമാനം) സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറുമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി 10.30 വരെയുള്ള കണക്കാണിത്. ഇതില്‍ മാറ്റമുണ്ടാകും. സ്ത്രീകളാണ് വോട്ട് ശതമാനത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്.
2014ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് ശതമാനത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ 78.49 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ് ശതമാനം. 1,317 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെ നടന്ന വോട്ടെടുപ്പില്‍ ആറുമണിക്ക് ക്യൂവിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിച്ചു. ഇവരുടെ അന്തിമ പോളിങ് ശതമാനം ലഭിക്കുമ്പോള്‍ ഇനിയും മാറ്റമുണ്ടാകാം. 1317 വോട്ടിങ് യന്ത്രങ്ങളാണു തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരുന്നത്. എന്നാല്‍ ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാറുണ്ടായത് അവിടങ്ങളില്‍ കുറച്ചുനേരത്തേക്ക് വോട്ടെടുപ്പ് തടസപ്പെട്ടു.
ജില്ലയില്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്ന് ജില്ലാ വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ജില്ലയിലെ പ്രശ്‌നബാധിതമായി കണക്കാക്കിയ 43 ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ ജില്ലാകളക്ടര്‍ ഡോ. ഡി സജിത് ബാബുവും സംഘവും വോട്ടെടുപ്പ് കഴിയുന്നവരെ കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമിലിരുന്നു നിരീക്ഷിച്ചു. 71 മറ്റു ബൂത്തുകളില്‍ മൈക്രോ ഒബ്സര്‍വര്‍മാരെയും നിയോഗിച്ചിരുന്നു.
ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രമായ പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ 15 സ്ട്രോങ് റൂമുകളിലായാണ് 1317 ബൂത്തുകളിലെ വിവിപാറ്റ് ഉള്‍പ്പെടെയുള്ള വോട്ടിംഗ് മെഷിനുകള്‍ സൂക്ഷിക്കുന്നത്. സ്ട്രോങ് റൂമുകള്‍ സീല്‍ ചെയ്ത് താക്കോല്‍ പോലീസിന് കൈമാറും. വോട്ടെണ്ണല്‍ ദിവസമായ മേയ് 23 വരെ വന്‍ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3872 ഉദ്യോഗസ്ഥരെയാണു നിയമിച്ചിരുന്നത്. ഇവര്‍ക്ക് പുറമേ 668 റിസര്‍വ്ഡ് ജീവനക്കാരുമുണ്ടായിരുന്നു. പോളിങ് ബൂത്തുകളിലെ സുരക്ഷാ ചുമതല നിര്‍വഹിക്കുന്നതിന് 2641 പൊലീസുകാരെയും വിന്യസിപ്പിച്ചിരുന്നു.
2019-ലെ വോട്ടിംഗ് ശതമാനം
ആകെ - 80.27
മഞ്ചേശ്വരം - 74.94
കാസറഗോഡ് -76.12
ഉദുമ - 78.03
കാഞ്ഞങ്ങാട് 81.20
തൃക്കരിപ്പൂര്‍ 83.34
പയ്യന്നൂര്‍ 85.82
കല്ല്യാശേരി 82.72
2014-ലെ വോട്ടിംഗ് ശതമാനം
ആകെ - 78.49
മഞ്ചേശ്വരം - 71.35
കാസറഗോഡ് - 72.59
ഉദുമ - 76.95
കാഞ്ഞങ്ങാട് 79.44
തൃക്കരിപ്പൂര്‍ 81.82
പയ്യന്നൂര്‍ 84.31
കല്ല്യാശേരി 81.32
ആകെ 1240460 വോട്ടര്‍മാരില്‍ 973592 പേരാണ് 2014ല്‍ വോട്ട് ചെയ്തത്.

Post a Comment
0 Comments