തിരുവനന്തപുരം (www.evisionnews.co): കെ.എസ്.ആര്‍.ടി.സി 3861 എമ്പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ നടപടിയാരംഭിച്ചതോടെ ജീവനക്കാരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഭരണപക്ഷസംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു)ക്ക് ഉത്തരം മുട്ടുന്നു. കോര്‍പറേഷന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം ജീവനക്കാരെ ഒന്നിച്ചു പിരിച്ചുവിടുന്നത്. നടപടിക്കു കോടതിയെ പഴിചാരി, മൗനം പാലിക്കുന്ന കെ.എസ്.ആര്‍.ടി.ഇ.എ. സംസ്ഥാന സെക്രട്ടറി സി.കെ. ഹരികൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ 14 ജില്ലാ കമ്മിറ്റികളിലും വന്‍പ്രതിഷേധമുയര്‍ന്നു.
മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും സി.എം.ഡി ടോമിന്‍ ജെ. തച്ചങ്കരിയും കൂടിയാലോചനകളില്ലാതെ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്കു ജീവനക്കാര്‍ ബലിയാടാകുന്നുവെന്നാണ് സി.ഐ.ടി.യുവിന്റെ വിലയിരുത്തല്‍. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ കൂടിയായ വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, എളമരം കരീം എന്നിവര്‍ക്കുപോലും തൊഴിലാളികള്‍ക്ക് അനുകൂലമായ തീരുമാനങ്ങളെടുപ്പിക്കാന്‍ കഴിയുന്നില്ല. അതിനാല്‍ കെ.എസ്.ആര്‍.ടി.ഇ.എയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് അംഗങ്ങളുടെ നിലപാട്.
കെ.എസ്.ആര്‍.ടി.സി ഇപ്പോള്‍തന്നെ വന്‍സാമ്പത്തിക പ്രതിസന്ധിയിലാണ്. ജീവനക്കാരെ പിരിച്ചുവിടാനും പി.എസ്.സി പട്ടികയില്‍ നിന്ന് നിയമനം നടത്താനുമുള്ള കോടതി ഉത്തരവ് പ്രതിസന്ധി രൂക്ഷമാക്കുമെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി. എമ്പാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ സാവകാശം തേടിയുള്ള കെ.എസ്.ആര്‍.ടി.സിയുടെ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തിലാണ് നോട്ടീസ് അയച്ചുതുടങ്ങിയത്. ഇന്നു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതിനാല്‍ വിധി നടപ്പാക്കുകയേ മാര്‍ഗമുള്ളൂവെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

Post a Comment
0 Comments