കാസര്‍കോട് (www.evisionnews.co): പെരിയ എയര്‍സ്ട്രിപ്പ് പദ്ധതി ജില്ലയുടെ വികസന കുതിപ്പിന് വലിയ മുതല്‍കൂട്ടമാകുമെന്നും ടൂറിസം മേഖലയ്ക്ക് കൂടുതല്‍ സാധ്യതകള്‍ തുറന്നുതരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ പറഞ്ഞു. 2019-20 കരട് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഡി.പി.സി ഹാളില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയാനന്തര കേരളം സൃഷ്ടിക്കുകയെന്നത് സംസ്ഥാനത്തെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയാണ്. മറ്റു ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് ജില്ലയെ പ്രളയം അത്രകണ്ട് ബാധിച്ചിട്ടില്ലെങ്കിലും വരുംമാസങ്ങളില്‍ ജില്ലയില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് തലത്തില്‍ ജലദൗര്‍ലഭ്യം ഇല്ലാതാക്കാനുള്ള പദ്ധതിയായ ജലജീവനം യാഥാര്‍ത്ഥ്യമാക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
ചട്ടഞ്ചാലില്‍ 50കോടി ചെലവില്‍ ഗെയില്‍ പൈപ്പ് ലൈനില്‍ നിന്നും നേരിട്ട് ഇന്ധനം സ്വീകരിച്ച് പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനാവശ്യമായ സാധ്യത പരിശോധിക്കും. ആധുനിക ശ്മാശനം സ്ഥാപിക്കുന്നതിന് നിലവില്‍ ആറു പഞ്ചായത്തുകളില്‍ പദ്ധതി വച്ചിട്ടുണ്ട്. ജില്ലയുടെ ജൈവസമ്പത്തും ജലസമ്പത്തും സംരംക്ഷിക്കാന്‍ നിരവധി പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. ഭവന രഹിതര്‍, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍, ഭിന്നശേഷിക്കാര്‍, പിന്നോക്ക വിഭാഗക്കാര്‍ എന്നിവര്‍ക്കും സ്ത്രീശാക്തീകരണ പദ്ധതികള്‍ക്കും കൂടുതല്‍ മുന്‍തൂക്കം നല്‍കും.
പൊതുവിഭാഗം, പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കായി 35,81,37,000 രൂപയും, റോഡ്- റോഡിതര നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 39,99,82,000 രൂപയുമാണ് മാറ്റിവച്ചിട്ടുള്ളത്. ഉല്‍പാദന മേഖല, ശുചിത്വ മാലിന്യ സംസ്‌കരണം, വനിതാ ഘടകം പദ്ധതി, കുട്ടികള്‍, ഭിന്നശേഷിയുള്ളവര്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്കും വയോജനങ്ങള്‍ക്കും പാലിയേറ്റീവ് കെയര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പാര്‍പ്പിട മേഖല, ലൈഫ്, പിഎംഎവൈ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് മൊത്തം 28,33,37000 രൂപയും ബഡ്ജ് വിഹിതത്തില്‍ മാറ്റി വച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഹര്‍ഷാദ് വൊര്‍ക്കാടി വാര്‍ഷിക പദ്ധതി അവതരിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ് സത്യപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് ചെയര്‍പേഴ്സണ്‍മാരായ ഫരീദാ സക്കീര്‍ അഹമ്മദ്, അഡ്വ. എ.പി ഉഷ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാനവാസ് പാദൂര്‍, ഡോ. വി.പി.പി മുസ്തഫ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി ജാനകി, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് എ.എ ജലീല്‍, പി നന്ദകുമാര്‍, എം.എം ഷംസാദ് സംസാരിച്ചു.
2019-20 കരട് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഡി.പി.സി ഹാളില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു

Post a Comment
0 Comments