Type Here to Get Search Results !

Bottom Ad

ജസീമിന്റെ കൊലപാതകം: എസ്.പി ഓഫീസ് ധര്‍ണ 24ന്

മേല്‍പറമ്പ (www.evisionnews.co): കളനാട് റെയില്‍വെ മേല്‍പാലത്തിന് സമീപം ട്രാക്കിനടുത്ത് ഓവുചാലില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ജസീമ് എന്ന 16കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ജനീകീയ ആക്ഷന്‍ കമ്മിറ്റി 24ന് കാസര്‍കോട് എസ്.പി ഓഫീസിലേക്ക് ധര്‍ണ നടത്തും. 

മാര്‍ച്ച് ഒന്നിന് വൈകിട്ട് അഞ്ചുമണിയോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം ടൗണിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജസീമിനെ കാണാതായത്. പിന്നീട് വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ ബന്ധുക്കളുടെ പരാതിയില്‍ അന്വേഷിക്കുന്നതിനിടെയാണ് മാര്‍ച്ച് അഞ്ചിന് അര്‍ദ്ധരാത്രിയോടെ കളനാട് റെയില്‍വെ മേല്‍പാലത്തിന് കീഴെ ഓവുചാലില്‍ പുല്ലിട്ട് മൂടിയ നിലയില്‍ ജീര്‍ണ്ണിച്ച ശരീരം സുഹൃത്തുക്കളുടെ തന്നെ സഹായത്തോടെ കണ്ടെടുത്തത്. എന്നാല്‍ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അന്വേഷണത്തിലെ വീഴ്ചകള്‍ കേസ് വഴിതിരിച്ചുവിടുകയും പ്രതികള്‍ രക്ഷപ്പെടുന്ന അവസ്ഥയുമുണ്ടായി. 

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മേല്‍പറമ്പില്‍ ജസീം ജനകീയ ആക്ഷന്‍ കമ്മിറ്റി 24 ദിവസം നടത്തിയ അനിശ്ചിതകാല സമരം പിന്‍വലിക്കുന്നതിന്റെ ഭാഗമായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ആക്ഷന്‍ കമ്മിറ്റി ഭാരാവാഹികളും അന്നത്തെ ജില്ലാ പൊലീസ് ചീഫ് സൈമണുമായി നടത്തിയ ചര്‍ച്ചയില്‍ കുറ്റാരോപിതര്‍ക്കെതിരെ നുണപരിശോധന അടക്കമുള്ള ശാസ്ത്രീയ അന്വേഷണം നടത്തുമെന്ന ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കേസ് അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ലെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരാവാഹികള്‍ പറയുന്നു. കുറ്റവാളികളില്‍ ചിലര്‍ രാജ്യം വിടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ജനകീയ ആക്ഷന്‍ കമ്മിറ്റി വീണ്ടും ശക്തമായ സമര മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിന്റെ ഭാഗമായി 24ന് ജില്ലാ പൊലീസ് കര്യാലയത്തിന് മുന്നില്‍ ധര്‍ണ സമരം നടത്തുന്നത്. സൈഫുദ്ദീന്‍ കെ. മാക്കോട് അധ്യക്ഷത വഹിച്ചു. താജുദ്ധീന്‍ പടിഞ്ഞാര്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, കബീര്‍ മാങ്ങാട്, ബഷീര്‍ കുന്നരിയത്ത്, അബ്ദുല്ല ബിന്‍ മുഹമ്മദ് ബങ്കണ, സയീദ്, സാജിദ് കീഴൂര്‍, മുസ്തഫ കൂളിക്കുന്ന്, ഫൈസല്‍ കൂളിക്കുന്ന്, ഇബ്രാഹിം കീഴൂര്‍, മോഹനന്‍ മാങ്ങാട് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad