Type Here to Get Search Results !

Bottom Ad

മാന്യമായ ജീവിത സാഹചര്യം അവകാശമെന്ന് പഠിപ്പിച്ചത് വിദ്യാഭ്യാസം: ഗവര്‍ണര്‍


കാഞ്ഞങ്ങാട് (www.evisionnews.co): കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ക്ക് ഇടപെടല്‍ നടത്തുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. സാക്ഷരതയില്‍ കേരളം മുന്നിലാണെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗം കാര്യമായി മെച്ചപ്പെട്ടിട്ടില്ല. അതിന് വേണ്ടിയുള്ള ഇടപെടല്‍ ഗവര്‍ണര്‍ ആയതിന് ശേഷം നടന്നുവരുന്നു. നല്ല വി.സിക്കും സര്‍വകലാശാലക്കും അവാര്‍ഡുകള്‍ നല്‍കാനായി അഞ്ചുകോടി രൂപനീക്കി വെച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ എജുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിക്ക് കീഴിലുള്ള കാഞ്ഞങ്ങാട് അജാനൂര്‍ ക്രസന്റ് ഇംഗ്ലീഷ് സ്‌കൂളിന് പുതുതായി നിര്‍മിച്ച സില്‍വര്‍ ജൂബിലി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക വികസനത്തിന്റെ മൂലകാരണമായി വര്‍ത്തിക്കുന്നത് വിദ്യാഭ്യാസമാണ്. മാന്യമായ ജീവിത സാഹചര്യം അവകാശമെന്ന അടിസ്ഥാനവിവരം നാംപഠിച്ചത് വിദ്യാഭ്യാസത്തിലൂടെയാണെന്നും ജീവിതത്തിന്റെ സര്‍വ മേഖലകളിലും വികസനം സാധ്യമാക്കുന്ന സാങ്കേതിക വിദ്യ മാനുഷിക പരികല്‍പനകള്‍ക്ക് അനുപൂരകമായാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പരിമിതമായ ഭൗതിക സാഹചര്യങ്ങളില്‍ പഠനം നടത്തിയിരുന്ന തന്റെ സ്‌കൂള്‍ ജീവിതത്തെ അനുസ്മരിച്ച ഗവര്‍ണര്‍ പഴയ വിദ്യാലയ ഓര്‍മ്മകള്‍ സദസിനോട് പങ്കുവെച്ചു. അക്കാദമിക- തൊഴില്‍ രംഗത്ത് കഠിനപരിശ്രമം നടത്തുന്നവര്‍ക്ക് സാമൂഹിക ജീവിതത്തിന്റെ ഉന്നത രംഗത്തെത്താം. ഏത് ഉന്നത പദവിയിലെത്തിയാലും പിന്നിട്ട വഴികളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അധ്യാപകരെയും മറക്കരുതെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മപ്പെടുത്തി. ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നും വിരമിച്ച താന്‍ ആദ്യം പോയത് നാട്ടിലെ സ്‌കൂളിലേക്കാണെന്നും ഇപ്പോഴും സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പ്രയത്നിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിലവാരത്തകര്‍ച്ചയുണ്ടെന്നു ചിലര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചു കോടി രൂപ സമ്മാനത്തുകയുള്ള ചാന്‍സലേഴ്സ് അവാര്‍ഡ് ഏര്‍പ്പെടുത്തിയതെന്നും പക്ഷേ അതില്‍ പുതുതായി രൂപീകരിച്ച സര്‍വകലാശാലകള്‍ക്ക് മല്‍സരിക്കാന്‍ സാധിക്കാത്തതിനാല്‍ 'യങ് എമേര്‍ജിങ്' സര്‍വകലാശാലകള്‍ക്ക് പ്രത്യേക അവാര്‍ഡ് നല്‍കുന്നതിനുള്ള നപടി സ്വീകരിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവി അലങ്കരിക്കുന്ന ഗവര്‍ണര്‍ക്ക് ദിവസേന 10 മുതല്‍ 15 വരെ ഇ-മെയിലുകള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള പൊതുസമൂഹത്തില്‍ നിന്നും ലഭിക്കുന്നുണ്ടെന്നും മിക്കവാറും പരാതികള്‍ക്ക് പരിഹാരം നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ പി.കെ അബ്ദുല്ലക്കുഞ്ഞി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ദാമോദരന്‍, ക്രസന്റ് ഇംഗ്ലീഷ് സ്‌കൂള്‍ ചെയര്‍മാന്‍ എം.ബി.എം അഷ്റഫ്, വൈസ് ചെയര്‍മാന്‍ സി. മുഹമ്മദ് കുഞ്ഞി, മാനേജര്‍ പി.കെ. അബ്ദുല്ലക്കുഞ്ഞി സംസാരിച്ചു. 




Post a Comment

0 Comments

Top Post Ad

Below Post Ad