കാസര്‍കോട് (www.evisionnews.co): വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അഹമ്മദ് ഷരീഫിനെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രതികളായ ആറു വ്യാപാരി നേതാക്കളെ കൂടി സംഘടനയില്‍ നിന്നും പുറത്താക്കി. ജില്ലാ ജനറല്‍ സെക്രട്ടറി ചിറ്റാരിക്കാലിലെ ജോസ് തയ്യില്‍, സെക്രട്ടറി നീലേശ്വരത്തെ പ്രത്യോധനന്‍ എന്നിവരെ നേരത്തെ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ സസ്‌പെന്റ് ചെയ്തിരുന്നു. ജോസ് തയ്യലിന് പകരം സജി പനത്തടിയെ ജനറല്‍ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തിരുന്നു.
ഇവര്‍ക്ക് പുറമെ മുന്‍ ജില്ലാ പ്രസിഡണ്ട് ചുള്ളിക്കരയിലെ പി.എ ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗം കാസര്‍കോട്ടെ ഹമീദ് അരമന, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന്‍ ട്രഷററുമായ എ. സുബൈര്‍, മര്‍ച്ചന്റ് യൂത്ത് വിംഗ് വൈസ് പ്രസിഡണ്ട് കാഞ്ഞങ്ങാട്ടെ സമീര്‍, മുന്‍ ജില്ലാ സെക്രട്ടറി നീലേശ്വരത്തെ സി.എം അശോക് കുമാര്‍, ജില്ലാ കൗണ്‍സിലര്‍ നീലേശ്വരത്തെ പി.ടി രാജേഷ് എന്നിവരെയാണ് സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തത്.
ഇക്കഴിഞ്ഞ മൂന്നിന് രാത്രി അഹമ്മദ് ഷരീഫും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം ചെര്‍ക്കളയില്‍ അപകടപ്പെട്ടതുമായി ബന്ധപ്പെട്ട് അപകീര്‍ത്തി പ്രചരിപ്പിച്ചെന്നാണ് പരാതി. വയനാട്ടിലേക്കുള്ള യാത്രക്കിടെയാണ് ഷരീഫും സഹപ്രവര്‍ത്തകരും സഞ്ചരിച്ച സ്വകാര്യ കാറില്‍ ഇരുചക്ര വാഹനം ഇടിച്ച് യാത്രക്കാരന് പരിക്കേറ്റത്. ഈസംഭവത്തെ വക്രീകരിച്ചാണ് പ്രസിഡണ്ടിനെ അപകീര്‍ത്തിപ്പെടുത്തി വ്യാപാരികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

Post a Comment
0 Comments