Type Here to Get Search Results !

Bottom Ad

സഹകരണ വാരാഘോഷത്തിന് കാസര്‍കോട്ട് തുടക്കമായി: സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കില്ല: മുഖ്യമന്ത്രി


കാസര്‍കോട് (www.evisionnews.co): അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് കാസര്‍കോട് തുടക്കമായി. ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സഹകരണ ബാങ്കുകളെയും സംഘങ്ങളെയും തകര്‍ക്കാന്‍ പലരും ശ്രമിച്ചെങ്കിലും അതൊന്നും വിലപോവില്ലെന്നും സഹകരണ മേഖല ശക്തമായി തന്നെ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

1.75 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ മുന്നോട്ടു പോകുകയാണ്. നോട്ട് നിരോധന സമയത്ത് സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെ പ്രചാരണങ്ങള്‍ ശക്തമായിരുന്നു. ദിവസവും നൂറുകണക്കിന് ഇടപാടുകള്‍ നടത്തുന്ന സ്ഥാപനത്തെ ഒരു വ്യക്തിയെ എന്ന പോലെ ശ്വാസംമുട്ടിച്ച് ഇല്ലാതാക്കുന്ന നിലപാടുകളാണ് ചിലര്‍ സ്വീകരിച്ചത്. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ പിന്‍വലിപ്പിച്ച് മറ്റു ബാങ്കുകളില്‍ നിക്ഷേപിക്കാനും സഹകരണ സ്ഥാപനങ്ങളിലുള്ളത് കള്ളപ്പണമാണെന്നും വരെ പ്രചാരണം നടത്തി. 

എന്നാല്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് എതിരെയുള്ള പ്രചാരണങ്ങള്‍ ആശ്ചര്യത്തോടെയാണ് ജനങ്ങള്‍ വീക്ഷിച്ചത്. ആശങ്ക പരന്നപ്പോള്‍ സര്‍ക്കാര്‍ പരസ്യമായി തന്നെ ഗ്യാരണ്ടി പ്രഖ്യാപിച്ചത് സഹകരണ മേഖലയ്ക്ക് വലിയ ആശ്വാസമായി. 

വലിയ തോതില്‍ തൊഴില്‍ നല്‍കുന്ന മേഖലയാണിത്. 12 ലക്ഷത്തിലധികം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്നു. നോട്ട് നിരോധനത്തിനു പിന്നാലെ നടപ്പാക്കിയ ജിഎസ്ടി സഹകരണ മേഖലയെ പിന്നോട്ടടിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍തന്നെ പറഞ്ഞിട്ടുണ്ട്. അടുത്തകാലത്തുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട് പ്രധാന ബാങ്കുകളില്‍ നിന്ന് ചില ദുരനുഭവം ഉണ്ടായപ്പോഴും സഹായത്തിനെത്തയതും സഹകരണ ബാങ്കുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സഹകരണ വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. പി. കരുണാകരന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എം. രാജഗോപാലന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ.സി.ഡി.ഡബ്ല്യൂ.യു.എഫ്.ബി വൈസ് ചെയര്‍മാന്‍ പി. മമ്മിക്കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ റിസ്‌ക് ഫണ്ട് വിതരണം സഹകരണ വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു, സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ഷാനവാസ്, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, സംസ്ഥാന സഹകരണ യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ബാബൂ പോള്‍, സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മുന്‍ പ്രസിഡണ്ട് സോളമന്‍ അലക്സ്, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, എം.വി ബാലകൃഷ്ണന്‍, ഹക്കീം കുന്നില്‍ സംസാരിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ.കെ നാരായണന്‍ സ്വാഗതവും സംസ്ഥാന സഹകരണ യൂണിയന്‍ സെക്രട്ടറി ടി. പത്മകുമാര്‍ നന്ദിയും പറഞ്ഞു. 




Post a Comment

0 Comments

Top Post Ad

Below Post Ad