Type Here to Get Search Results !

Bottom Ad

വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം വികസനത്തെ ബാധിക്കുന്നതായി ജില്ലാ വികസന സമിതിയില്‍ വിമര്‍ശനം


കാസര്‍കോട് (www.evisionnews.co): സാങ്കേതികത്വത്തിന്റെ പേരില്‍ വികസനം തടസപ്പെടുത്തുന്നതിനെതിരെ ജില്ലാ വികസന സമിതിയില്‍ രൂക്ഷവിമര്‍ശനം. ഗോവിന്ദ പൈ മെമ്മോറിയല്‍ കോളജിന്റെ 1.5 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഹോസ്റ്റല്‍ കെട്ടിടം നിര്‍മാണം പൂര്‍ത്തിയായി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് തുറന്നു കൊടുക്കാത്തത് സംബന്ധിച്ച ചര്‍ച്ചയിലാണ് വിമര്‍ശനമുയര്‍ന്നത്. വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് 40,450 രൂപ അടക്കാത്തതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാതിരുന്നത്. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കവും സാങ്കേതികത്വവും വികസനത്തെ ബാധിക്കുന്നുവെന്നും ആരോപണമുയര്‍ന്നു. 

മധൂര്‍ പഞ്ചായത്തിലെ രാംദാസ് നഗര്‍ എസ്.പി ഓഫീസ് പാറക്കട്ട റോഡില്‍ അപകടകരമായി നില്‍ക്കുന്ന മരംമുറിക്കുന്നതിന് കഴിഞ്ഞ വികസന സമിതിയില്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായില്ല. മരംമുറിച്ച് മാറ്റുന്നതിന് സമീപത്തുള്ള 33 കെ.വി ലൈന്‍ ഓഫ് ചെയ്യണം. മരം മുറിച്ച് മാറ്റുന്നതിന് 4000 രൂപ ചെലവ് വരും. ഈ തുക ആര് വഹിക്കുമെന്ന തര്‍ക്കവും പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് തടസ്സമായി. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 4000 രൂപ ജില്ലാ കലക്ടര്‍ നല്‍കുമെന്ന് ഉറപ്പുനല്‍കി. ജില്ലയിലെ മുഴുവന്‍ അംഗ പരിമിതര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ സിസംബറില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു നിര്‍ദേശം നല്‍കി.

ജില്ലയിലെ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ കെ.എസ്.ആര്‍ ടി.സിയോട് ആവശ്യപ്പെട്ടു. അര്‍ഹരായവര്‍ക്ക് മുഴുവന്‍ പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ ആവശ്യപ്പെട്ടു. ജില്ലയില്‍ പണി പൂര്‍ത്തിയായിട്ടും ഉദ്ഘാടനം ചെയ്യാതെ കിടക്കുന്ന കെട്ടിടങ്ങളുണ്ടെങ്കില്‍ അത് സംബന്ധിച്ച വിവരങ്ങള്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാകളക്ടര്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിന് നിര്‍ദേശം നല്‍കി. പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ പിന്നില്‍ നില്‍ക്കുന്ന വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സമയബന്ധിതമായി തുക ചെലവഴിക്കണം. മാര്‍ച്ച് അവസാനം ഒന്നിച്ച് ചെലവഴിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും വികസന സമിതി ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബിയുടെ അനുമതിയില്ലാതെ വൈദ്യുതി ലൈനില്‍ അറ്റകുറ്റപണിയോ എക്സ്റ്റന്‍ഷന്‍ പ്രവര്‍ത്തനങ്ങളോ നടത്താന്‍ പാടില്ലെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ ആവിശ്യപ്പെട്ടു.

യോഗത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രെഫ. കെ .ി ജയരാജന്‍, എ.ഡി.എം എന്‍. ദേവിദാസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ്. സത്യപ്രകാശ്, റവന്യൂ വകുപ്പ് മന്ത്രിയുടെ പ്രതിനിധി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad