കോഴിക്കോട് (www.evisionnews.co): അസുഖം മാറ്റി തരാമെന്ന വ്യാജേന നിരവധി പേരില്‍ നിന്ന് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത വ്യാജ സിദ്ധന്‍ കോഴിക്കോട്ട് പിടിയില്‍. മലപ്പുറം വളാഞ്ചേരി സ്വദേശി അബ്ദുള്‍ ഹക്കീമാണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് അസി. കമ്മീഷണര്‍ പൃഥിരാജിന്റെ നേതൃത്വത്തിലുളള സംഘമാണ് അബ്ദുള്‍ ഹക്കീമിനെ പിടികൂടിയത്. പുളളന്നൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മകന്റെ വിദ്യാഭ്യാസ പരമായ പ്രശ്‌നങ്ങള്‍ മാറ്റി തരാമെന്ന് പറഞ്ഞാണ് ഇയാള്‍ ഇവരില്‍ നിന്ന് 9 പവന്‍ സ്വര്‍ണ്ണവും 12000 രൂപയും കവര്‍ന്നെന്നാണ് പരാതി. ചാത്തമംഗലം മലയമ്മയിലെ നിരവധി പേരെ ഇയാള്‍ കബളിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചു. ഇയാള്‍ക്കെതിരെ നിരവധി പേരാണ് പരാതിയുമായി കുന്ദമംഗലം സ്റ്റേഷനിലെത്തുന്നത്.
പ്രശ്നങ്ങളുമായി ആദ്യ തവണ എത്തുന്നവരെ ഹക്കീം ജപിച്ച കിഴി നല്‍കി ആറു ദിവസത്തിന് ശേഷം വരാന്‍ നിര്‍ദ്ദേശിക്കും. രണ്ടാം തവണ വരുമ്പോള്‍ അസുഖം മാറ്റി തരാനെന്ന വ്യാജേന സ്വര്‍ണ്ണവും പണവും ആവശ്യപ്പെടും. ഇങ്ങനെ ലഭിക്കുന്ന സ്വര്‍ണ്ണം കിഴിയില്‍ കെട്ടി തിരികെ നല്‍കും. കിഴി തുറന്ന് നോക്കരുതെന്നും ആറു ദിവസത്തിന് ശേഷം തിരികെ വരണമെന്നും നിര്‍ദ്ദേശിക്കും. ആറു ദിവസത്തിന് ശേഷം എത്തുന്നവരോട് കിഴി മന്ത്രിച്ച് നല്‍കുകയും ഇത് തുറന്ന് നോക്കിയാല്‍ വീട്ടില്‍ ആര്‍ക്കെങ്കിലും ഭ്രാന്താവുമെന്നും പേടിപ്പിച്ചുമാണ് തട്ടിപ്പ് നടത്തി വന്നിരുന്നത്. ഇതനുസരിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കിഴി തുറന്ന് നോക്കിയപ്പോഴാണ് തങ്ങളുടെ സ്വര്‍ണ്ണവും പണവും നഷ്ടമായ വിവരം പലരും അറിഞ്ഞത്. ഒരു സ്ഥലത്ത് തട്ടിപ്പ് നടത്തി മുങ്ങുന്ന ശീലമാണ് ഇയാള്‍ക്കെന്ന് കുന്ദമംഗലം എസ്.ഐ കൈലാസ്‌നാഥ് പറഞ്ഞു.

Post a Comment
0 Comments