ന്യൂഡല്‍ഹി (www.evisonnews.co): ഇന്ത്യ വിടുന്നതിന് മുമ്പ് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടികാഴ്ച്ച നടത്തിയെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തലിന് പിന്നാലെ മല്യ രാജ്യംവിട്ടത്തോ അതോ സര്‍ക്കാര്‍ വിടാന്‍ അനുവദിച്ചതോയെന്ന ചോദ്യം ഉയര്‍ത്തി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മല്യ രാജ്യംവിട്ട് പോകാന്‍ ശ്രമിച്ചാല്‍ തടഞ്ഞു വെക്കണമെന്നായിരുന്നു സിബിഐ പുറപ്പെടുവിച്ചിരുന്ന ലുക്ക് ഔട്ട് നോട്ടീസ്.
എന്നാല്‍, ഇതില്‍ തിരുത്തല്‍ വരുത്തുകയും രാജ്യം വിട്ടു പോകാന്‍ ശ്രമിച്ചാല്‍ ഏജന്‍സിയെ അറിയിക്കണം എന്ന നിലയിലേക്ക് ലുക്ക് ഔട്ട് നോട്ടീസിന്റെ തീവ്രത കുറച്ചു. ഇതിന് പിന്നില്‍ ധനമന്ത്രാലയത്തിലെ ഒരാളാണ് പ്രവര്‍ത്തിച്ചതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. ആരുടെയും പേരെടുത്ത് പറയാതെയാണ് വിമര്‍ശനം എങ്കിലും ഇപ്പോള്‍ മല്യയെ സഹായിച്ചു എന്ന ആരോപണം നേരിടുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ ഉന്നം വെച്ചുള്ളതാണ് ഇതെന്ന് വ്യക്തമാണ്.
കഴിഞ്ഞ ദിവസം ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ്, ഇന്ത്യ വിടുന്നതിന് മുമ്പ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടികാഴ്ച്ച നടത്തിയെന്ന വിവാദ വെളിപ്പെടുത്തല്‍ മല്യ നടത്തിയത്. അതേസമയം, 2014-ന് ശേഷം താന്‍ മല്യയെ കണ്ടിട്ടില്ലെന്നും ഒറ്റവരി സംഭാഷണം മാത്രമേ മല്യയുമായി നടത്തിയിട്ടുള്ളൂവെന്നും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടില്ലെന്നുമാണ് ജെയ്റ്റ്‌ലിയുടെ പ്രതികരണം. എന്നാല്‍, സുബ്രഹ്മണ്യന്‍ സ്വാമിയുടെ രണ്ടാമത്തെ ട്വീറ്റില്‍ ജെയ്റ്റ്ലി മല്യയുമായി പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ വെച്ച് സംസാരിച്ചതായും പറയുന്നുണ്ട്.

Post a Comment
0 Comments