Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് ചെറുവിമാനത്താവളം സാധ്യത പഠനത്തിന് സമിതിയായി, ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന് നിര്‍ദേശം


കാസര്‍കോട് (www.evisionnews.co): കണ്ണൂര്‍ വിമാനത്താവളം കമ്മിഷന്‍ ചെയ്യുന്നതിനു പിന്നാലെ കാസര്‍കോട്ട് എയര്‍ സ്ട്രിപ്പ് നിര്‍മിക്കാന്‍ ശ്രമംതുടങ്ങി. വലിയ റണ്‍വേയില്ലാതെതന്നെ ഇറങ്ങാവുന്ന ചെറുവിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താവുന്ന വിമാനത്താവളമാണ് പരിഗണനയില്‍. ബേക്കല്‍ ടൂറിസം വികസനത്തിന്റെ സാധ്യതകൂടി പരിഗണിച്ചാണ് എയര്‍ സ്ട്രിപ്പ് നിര്‍മിക്കുന്നതിന് നടപടി തുടങ്ങിയത്. 

ഇക്കാര്യത്തില്‍ സാധ്യതാപഠനം നടത്താന്‍ വ്യോമയാനത്തിന്റെ ചുമതലയുള്ള ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിന്റെ നേതൃത്വത്തില്‍ സമിതി രൂപവത്കരിച്ച് സര്‍ക്കാര്‍ ഉത്തരവായി. കാസര്‍കോട് ജില്ലാ കലക്ടര്‍, ബേക്കല്‍ റിസോര്‍ട്ട് വികസന കോര്‍പ്പറേഷന്‍ എം.ഡി, ധന വകുപ്പിന്റെയും കൊച്ചിന്‍ വിമാനത്താവള കമ്പനിയായ സിയാലിന്റെയും ഓരോ പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ടതാണ് സമിതി. 

ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിയോട് നിര്‍ദേശിച്ചിട്ടുള്ളത്. കണ്ണൂര്‍ വിമാനത്താവളം വരുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടാണ് കാസര്‍കോട് എയര്‍സ്ട്രിപ്പ് പദ്ധതിക്ക് വീണ്ടും ജീവന്‍വെക്കുന്നത്. ഏതാനും വര്‍ഷം മുമ്പ് ബേക്കലില്‍ എയര്‍ സ്ട്രിപ്പ് നിര്‍മിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും എവിടെയുമെത്തിയില്ല. സിയാല്‍ നടത്തിയ സാധ്യതാ പഠനത്തില്‍ പദ്ധതി ലാഭകരമാകില്ലെന്നാണ് കണ്ടത്. തുടക്കത്തില്‍ സര്‍ക്കാര്‍ ഗ്രാന്റ് നല്‍കിയാല്‍ പദ്ധതി ഏറ്റെടുത്ത് നടത്താമെന്നായിരുന്നു അവരുടെ വാഗ്ദാനം. ബേക്കല്‍ ടൂറിസം വികസനത്തിനുപുറമെ മലനാട് ക്രൂസ് ടൂറിസം പദ്ധതി, കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതിനനുബന്ധമായി വരുന്ന പദ്ധതികള്‍ എന്നിവയും എയര്‍ സ്ട്രിപ്പിനുള്ള ആലോചനയ്ക്ക് പിന്നിലുണ്ട്. 

ലാഭകരമായി നടത്താനാവുമെന്ന് വ്യക്തമായാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന വേളയില്‍ത്തന്നെ ഇതിന്റെ പ്രഖ്യാപനം നടന്നേക്കും. പരിഗണിക്കുന്നത് പെരിയ കേന്ദ്ര സര്‍വകലാശാല പ്രവര്‍ത്തിക്കുന്ന പെരിയയില്‍ ചെറുവിമാനത്താവളമുണ്ടാക്കാനാണ് നിര്‍ദേശം. ഇതിന് 80 ഏക്കര്‍ സ്ഥലം വേണ്ടിവരും. 28.5 ഏക്കര്‍ സര്‍ക്കാര്‍ സ്ഥലത്തിനുപുറമെ 51.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരും. 25 മുതല്‍ 40 വരെ യാത്രക്കാരുള്ള ചെറുവിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സൗകര്യമുള്ള എയര്‍ സ്ട്രിപ്പില്‍ റണ്‍വേയും ചെറിയൊരു ഓഫീസും മാത്രമാണുണ്ടാവുക.

Post a Comment

0 Comments

Top Post Ad

Below Post Ad