കാസര്‍കോട് (www.evisionnews.co): ഉത്സവാഘോഷത്തിനായി പണക്കുടുക്കയില്‍ കരുതിവച്ച തുക പ്രളയബാധിതരെ സഹായിക്കാനായി നല്‍കി പ്രീ - പ്രൈമറി വിദ്യാര്‍ത്ഥിനി മാതൃകയായി. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും ബാലനടുക്കത്തെ ഉദയകുമാറിന്റെയും എം. അനുവിന്റെയും മകളായ ആര്‍ദ്ര ഉദയാണ് സമൂഹത്തിന് തന്നെ മാതൃകയായത്. ഉത്സവത്തിനായി ഒരുവര്‍ഷം മുമ്പാണ് ആര്‍ദ്ര തന്റെ കുടുക്കയില്‍ പണമിട്ടു തുടങ്ങിയത്. മാതാ-പിതാക്കളും മുത്തച്ഛനും മുത്തശ്ശിയും മറ്റു ബന്ധുക്കളും നല്‍കിയ തുകകളായിരുന്നു ആര്‍ദ്ര കുടുക്കയില്‍ നിക്ഷേപിച്ചത്. ഒരു കുടുക്ക നിറഞ്ഞതോടെ രണ്ടാമതൊരു കുടുക്കയിലും പണമിട്ടു. അതിനിടെയാണ് കേരളത്തെ മുഴുവന്‍ ബാധിച്ച പ്രളയമുണ്ടായത്.
നാടൊട്ടുക്ക് സഹായവുമായി ഇറങ്ങിയ കാര്യം മാതാപിതാക്കളില്‍ നിന്നറിഞ്ഞതോടെ ആര്‍ദ്രയ്ക്കും തന്റെ പണക്കുടുക്ക ദുരിതബാധിതര്‍ക്ക് നല്‍കണമെന്ന ആഗ്രഹമുദിച്ചു. ഇതു രക്ഷിതാക്കളെ അറിയിച്ചപ്പോള്‍ അവരും എതിര്‍ത്തില്ല. ഇന്നലെ രാവിലെ അസംബ്ലി നടക്കുമ്പോള്‍ അപ്രതീക്ഷിതമായാണ് ഈ കൊച്ചുമിടുക്കി തന്റെ പണക്കുടുക്കകള്‍ പ്രധാനധ്യാപകന്റെ ചുമതല വഹിക്കുന്ന പി. ഹാഷിമിനെ ഏല്‍പ്പിക്കാനെത്തിയത്. ഇക്കാര്യം അറിഞ്ഞതോടെ മുഴുവന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും കരഘോഷം മുഴക്കി ആര്‍ദ്രയെ പ്രോത്സാഹിപ്പിച്ചു. ഇതില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് നിരവധി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതായി അധ്യാപകരെ അറിയിച്ചിട്ടുമുണ്ട്.

Post a Comment
0 Comments