കാസര്‍കോട് (www.evisionnews.co): ഒരാഴ്ച്ചക്കാലമായി തൃക്കരിപ്പൂര്‍ രാജീവ് ഗാന്ധി സിന്തറ്റിക്ക് സ്റ്റേഡിയത്തില്‍ നടന്നുവന്ന സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ മേളയില്‍ മലപ്പുറം ജില്ല ചാമ്പ്യന്മാര്‍. ഫൈനലില്‍ ടൈബ്രേക്കറില്‍ കോഴിക്കോടിനെ തകര്‍ത്താണ് ജേതാക്കളായത്. നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചതിനെ തുടര്‍ന്നാണ് ടൈബ്രേക്കറില്‍ വിജയികളെ നിശ്ചയിച്ചത്.
ജേതാക്കള്‍ക്ക് റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ടോഫികള്‍ സമ്മാനിച്ചു. കെ.എഫ്.എ സെക്രട്ടറി പി. അനില്‍കുമാര്‍ വ്യക്തിഗത ട്രോഫികള്‍ വിതരണം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എം.ടി.പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ടി.കെ.എം മുഹമ്മദ് റഫീഫ്, കെ. വീരമണി പ്രസംഗിച്ചു. മൂന്നാം സ്ഥാനം ഏറണാകുളവും നാലാം സ്ഥാനം വയനാടും നേടി.
ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചായി മലപ്പുറത്തിന്റെ അക്മല്‍ ഷാ നിനേയും ടൂര്‍ണമെന്റിലെ മനോഹരമായ ഗോളിനുള്ള ട്രോഫി കാസര്‍കോടിന്റെ എം.പി അഹമ്മദ് സാബിഹിനും ടോപ് സ്‌കോററിനുള്ള ട്രോഫി കോഴിക്കോടിന്റെ അനുരാജിനും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ട്രോഫി കാസര്‍കോടിന്റെ എസ്. ആഷിഷിനും ബെസ്റ്റ് ഡിഫന്ററിനുള്ള ട്രോഫി കോഴിക്കോടിന്റെ വിവേകിനും ലഭിച്ചു. മികച്ച മിഡ് ഫീല്‍ഡറിനുള്ള ട്രോഫി മലപ്പുറത്തിന്റെ ആദില്‍ അമലും മികച്ച ഫോര്‍വേര്‍ഡിനുള്ള ട്രോഫി കോഴിക്കോടിന്റെ അനന്ദുവും ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി മലപ്പുറത്തിന്റെ ഹാറൂണ്‍ ദില്‍ഷാദും തെരഞ്ഞെടുക്കപ്പെട്ടു. ഫെയര്‍ പ്ലെ അവാര്‍ഡ് പാലക്കാട് ജില്ലാ ടീമിന് ലഭിച്ചു.

Post a Comment
0 Comments