കാസര്‍കോട് (www.evisionnews.co): ജില്ലയിലെ ഏക മണ്ണ് പരിശോധന ശാലയായ കാസര്‍കോട് ജില്ലാ മണ്ണ് പരിശോധന ശാലയില്‍ സ്ഥിരം ഓഫീസറില്ലാത്തത് ഓഫീസ് പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുന്നു. ഓഫീസിലെ ടാര്‍ജറ്റ് പൂര്‍ത്തീകരിക്കുന്നതിനും വിവിധ സ്‌കീമുകള്‍ നടപ്പിലാക്കുന്നതിനും ഒരു സ്ഥിരം ഓഫീസറെ നിയമിക്കേണ്ടതുണ്ട്. ജില്ലാ സീഡ് ഫാമിന്റെയും പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷന്റെയും സീനിയര്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ക്കാണ് മണ്ണ് പരിശോധന ശാലയിലെ അസി. സോയില്‍ കെമിസ്റ്റിന്റെ അധിക ചുമതല നല്‍കിയിരിക്കുന്നത്. ഇത് ജോലി ഭാരം കൂട്ടുകയും പ്രവര്‍ത്തനം അവതാളത്തിലാക്കുകയും ചെയ്യുന്നു.
നാഷണല്‍ മിഷന്‍ ഓണ്‍ സസ്റ്റൈനബിള്‍ അഗ്രികള്‍ച്ചര്‍ എന്ന കേന്ദ്രാവിഷ്‌കൃത മണ്ണ് പരിശോധന സ്‌കീമില്‍ 2017-18, 2018-19 വര്‍ഷങ്ങളിലായി ഏകദേശം 15500ഓളം മണ്ണ് സാമ്പിളുകള്‍ പരിശോധിച്ച് രണ്ടു ലക്ഷത്തോളം സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യേണ്ടതുണ്ട്. ഇത്രയും സാമ്പിളുകള്‍ പരിശോധിക്കുന്നതിന് ലാബില്‍ സ്റ്റാഫായി ആകെ ഒരു സയന്റിഫിക് അസിസ്റ്റന്റ് മാത്രമാണുള്ളത്. സ്ഥിരം ഓഫീസര്‍ ഇല്ലാത്തത് മൂലം 2017-18ന്റെ ടാര്‍ജെറ്റായ 6025 മണ്ണ് സാമ്പിളുകള്‍ ഇതുവരെയും പരിശോധിക്കാന്‍ സാധിച്ചിട്ടില്ല.
2018-19 ന്റെ ടാര്‍ജറ്റ് കൂടി പൂര്‍ത്തിയാക്കി സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യണം. മണ്ണ് പരിശോധന നടത്തി സോയില്‍ ഹെല്‍ത്ത് കാര്‍ഡില്‍ പറഞ്ഞിരിക്കുന്ന പ്രകാരം മാത്രമെ വളങ്ങളും സബ്സിഡികളും കര്‍ഷകര്‍ക്ക് ലഭ്യമാകൂ എന്നതിനാല്‍ മുകളില്‍ പറഞ്ഞിരിക്കുന്ന മണ്ണ് സാമ്പിളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയാലെ കര്‍ഷകരുടെ ആവശ്യം പൂര്‍ത്തിയാകൂ. സ്റ്റാഫിന്റെ കുറവും സ്ഥിരം ഓഫീസറുടെ അഭാവവും കാരണം കര്‍ഷകര്‍ക്ക് യഥാസമയം കിട്ടേണ്ട സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യാന്‍ സാധിക്കാതെ വന്നിരിക്കുകയാണ്. 13 ജില്ലകളിലും കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡിന്റെ ആനുകൂല്യം ലഭിക്കുമ്പോള്‍ കാസര്‍കോട് ജില്ലയിലെ കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാത്ത അവസ്ഥയാണ്.

Post a Comment
0 Comments