കാസര്‍കോട് (www.evisionnews.co): മഹരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ എട്ടു പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കൊച്ചി സിറ്റി പൊലീസിന്റേതാണ് നടപടി. കേസിലെ പ്രതികളായ എറണാകുളം പാണാവള്ളി നമ്പിപുത്തലത്തു വീട്ടില്‍ മുഹമ്മദ് ഹഷീം, കരിങ്ങമ്പാറ വീട്ടില്‍ വാടകയ്ക്കു താമസിച്ചു വന്ന തന്‍സീല്‍, മസ്ജിദ് റോഡ് മേക്കാട്ട് വീട്ടില്‍ സനിദ്, പാലിയത്തു വീട്ടില്‍ ഫായിസ്, ചാമക്കാലായില്‍ വീട്ടില്‍ ആരിഫ് ബിന്‍ സലിം, കച്ചേരിപ്പടി വെളിപ്പറമ്പ് വീട്ടില്‍ ഷിഫാസ്, മസ്ജിത് റോഡ് മേക്കാട്ട് വീട്ടില്‍ സഹല്‍, പള്ളുരുത്തി പുതുവീട്ടില്‍ പറമ്പില്‍ ജിസാല്‍ റസാഖ് എന്നിവര്‍ക്കെതിരെ യാണ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയത്.
ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ അസി. കമ്മീഷണര്‍ എസ്.ടി സുരേഷ് കുമാര്‍ (9497990066), അസി. കമ്മീഷണര്‍ കെ. ലാല്‍ജി (9497990069), പോലീസ് ഇന്‍സ്‌പെക്ടര്‍ എ. അനന്തലാല്‍ (9497987103) എന്നിവരെ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു. കേസിലെ പ്രധാനപ്രതികളില്‍ ഒരാളായ മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും ക്യാംപസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡണ്ടുമായ മുഹമ്മദും
പള്ളുരുത്തി സ്വദേശിയായ സനീഷും പോലീസ് കസ്റ്റഡിയിലുണ്ട്. കേസില്‍ 22-ാം പ്രതി അനൂബിനും 23-ാം പ്രതി ഫസലുവിനും ഹൈക്കോടതി ഉപാധിയോടെ ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ രണ്ടാം തിയതി പുലര്‍ച്ചെയാണ് എസ്.ഡി.പി.ഐ, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യുവിനെ കുത്തിക്കൊന്നത്. ഇടുക്കി വട്ടവട സ്വദേശിയും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു അഭിമന്യു. കൂടാതെ അര്‍ജുന്‍, വിനീത് എന്നീ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും കുത്തേറ്റിരുന്നു.

Post a Comment
0 Comments