ന്യൂഡല്‍ഹി (www.evisionnews.co): ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദെന ബാങ്ക് എന്നിവ ലയിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പൊതുമേഖലാ ബാങ്കുകളിലുള്ള കിട്ടാക്കടം വര്‍ധിക്കുന്നതുമായുള്ള പ്രശ്നം ഉന്നയിച്ചാണ് സര്‍ക്കാര്‍ ലയനത്തിനൊരുങ്ങുന്നത്. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റിലയാണ് ഇക്കാര്യം അറിയിച്ചത്. ലയനം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായി ഇതുമാറും.
എസ്ബിടി ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐ ഏറ്റെടുത്തതിന് പിന്നാലെ രണ്ടാംഘട്ട ബാങ്ക് ലയനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വന്നിരിക്കുന്നത്. ഈ ലയനത്തില്‍ ഒരാള്‍ക്ക് പോലും തൊഴില്‍ നഷ്ടമായിട്ടില്ലെന്നും ഇതേരീതിയിലുള്ള നീക്കമാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. ലയനം പൂര്‍ത്തിയാകുന്നത് വരെ ഈ മൂന്നു ബാങ്കുകളും സ്വതന്ത്രമായി തന്നെ പ്രവര്‍ത്തിക്കും.
ലയനത്തില്‍ മൂന്നു ബാങ്കുകളിലെയും ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു. ബാങ്ക് ഓഫ് ബറോഡയ്ക്ക് നിലവില്‍ 5,502 ശാഖകളാണ് ഉള്ളത്. വിജയ ബാങ്ക് 2,129, ദേന ബാങ്ക് 1,858 ശാഖകളും. മൂന്നു ബാങ്കുകളിലുമായി 85,675 ജീവനക്കാരാണ് ഉള്ളത്.

Post a Comment
0 Comments