കാസര്‍കോട് (www.evisionnews.co): സമസ്ത സീനിയര്‍ വൈസ് പ്രസിഡണ്ടായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐയുടെ ഡി.വൈ.എസ്.പി ഡാര്‍വിനാണ് വെള്ളിയാഴ്ച വൈകിട്ടോടെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
തുടര്‍ അന്വേഷണത്തില്‍ മുന്‍ അന്വേഷണത്തില്‍ നിന്നും വ്യത്യസ്തമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നതായി പറയപ്പെടുന്ന ഫോണ്‍ സംഭാഷണവും വെളിപ്പെടുത്തലും വ്യാജമാണെന്നും ഇതു സംബന്ധിച്ച പ്രചാരണങ്ങള്‍ പിഡിപിയുടെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാന്‍ വേണ്ടിയാണെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. കോടതിയെയും സിബിഐയെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചതിന് പിഡിപി നേതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും സി.ബി.ഐ ആലോചിക്കുന്നുണ്ട്.
അതേസമയം ഖാസിയുടെ മരണം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ 11ലേക്ക് മാറ്റിയിട്ടുണ്ട്. ഖാസിയുടെ മരണം സംബന്ധിച്ച് ആദൂര്‍ പരപ്പയിലെ പി.എ അഷ്റഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതി സിബിഐയോട് ഇതേ കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. അഷ്‌റഫിന്റെതടക്കം മൊഴികളും സിബിഐ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2010 ഫെബ്രുവരി 15 നാണ് ചെമ്പിരിക്ക ഖാസിയെ കടപ്പുറത്ത് പാറക്കെട്ടിനടുത്തായി മരിച്ച നിലയില്‍ കണ്ടത്.

Post a Comment
0 Comments