Type Here to Get Search Results !

Bottom Ad

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മുഹമ്മദ് ഷാമിലിന്റെ തിരോധാനം: പോലീസ് ലുക്കൗട്ട് നോട്ടീസിറക്കി

കാസര്‍കോട് (www.evisionnews.co): അഞ്ചുമാസം മുമ്പ് കാണാതായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി. അണങ്കൂര്‍ ബൈത്തുല്‍ ആയിഷയിലെ സലീമിന്റെ മകനും മംഗളൂരുവില്‍ ബി.ടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ഷാമിലി (21)നെ ഏപ്രില്‍ 17നാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. സുഹൃത്തിന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞു രാവിലെ ഒമ്പത് മണിയോടെ സ്വന്തം വീട്ടില്‍ നിന്നു കാറോടിച്ചുപോയ ഷാമിലിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല.
 
ഇതേ തുടര്‍ന്ന് സലീമിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു. ഷാമില്‍ കൊണ്ടുപോയ കാര്‍ പിന്നീട് ഉഡുപ്പി റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഷാമില്‍ പഠിക്കുന്ന കോളജിലും ബന്ധുവീടുകളിലുമടക്കം അന്വേഷണം നടത്തിയെങ്കിലും കണ്ടുകിട്ടാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ഇതിനിടെ ഷാമില്‍ ഗോവയിലുണ്ടെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗോവയില്‍ നടത്തിയ അന്വേഷണത്തിലും ഫലമുണ്ടായില്ല.
 
ഏപ്രില്‍ 14, 15 തിയതികളില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ വിനോദയാത്രക്ക് പോയപ്പോള്‍ ഒപ്പം ഷാമിലുമുണ്ടായിരുന്നു. അധ്യാപകരടക്കം അറുപതോളം പേരാണ് വിനോദയാത്ര പോയത്. കര്‍ണ്ണാടക ദണ്ഡേരിയിലെ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. വിനോദയാത്രക്കിടെ ആരോ ഷാമിലിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മകന്റെ തിരോധാനവും ഈ ഭീഷണിയും തമ്മില്‍ ബന്ധമുണ്ടെന്നും പിതാവ് സലീം ആരോപിക്കുന്നു. അന്വേഷണത്തിനായി പ്രത്യേക പൊലീസ് സ്‌ക്വാഡിന് രൂപം നല്‍കിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍ എസ്.ഐ അജിത്കുമാര്‍, എ.എസ്.ഐമാരായ പ്രദീപ്കുമാര്‍, ലക്ഷ്മീ നാരായണന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ലതീഷ് എന്നിവരാണ് സ്‌ക്വാഡ് അംഗങ്ങള്‍.




Post a Comment

0 Comments

Top Post Ad

Below Post Ad