കാസര്‍കോട് (www.evisionnews.co): അവിശ്വാസ പ്രമേയത്തിലൂടെ യു.ഡി.എഫിന് ഭരണം ലഭിച്ച എന്‍മകജെ പഞ്ചായത്തിലെ പുതിയ പ്രസിഡണ്ടായി വൈ. ശാരദയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിന്റെ നാലു അംഗങ്ങളും ലീഗിലെ മൂന്ന് അംഗങ്ങളും സി.പി.ഐയിലെ ഒരംഗവുമാണ് ശാരദയ്ക്ക് പിന്തുണ നല്‍കിയത്. രണ്ടു സി.പി.എം അംഗങ്ങളും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ബി.ജെ.പിയ്ക്ക് ഏഴുവോട്ടാണ് ലഭിച്ചത്. കഴിഞ്ഞ മാസം നടന്ന അവിശ്വാസ പ്രമേയത്തിന്റെ കത്ത് കിട്ടാന്‍ വൈകിയെന്നാരോപിച്ചു ബി.ജെ.പി മെമ്പര്‍മാര്‍ നല്‍കിയ പരാതിയില്‍ തീര്‍പ്പുകല്‍പ്പിച്ചുകൊണ്ടാണ് പുതിയ പ്രസിഡണ്ട്- വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഒരു മാസം മുമ്പ് എന്‍മകജെ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടര്‍ന്നാണ്് ബി.ജെ.പിക്ക് ഭരണം നഷ്ടമായത്. ഒരു വര്‍ഷം മുമ്പും ബി.ജെ.പി ഭരണത്തിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. അന്ന് ഇടതുമുന്നണിയുടെ നിസഹകരണത്തെ തുടര്‍ന്ന് അവിശ്വാസം പരാജയപ്പെടുകയായിരുന്നു. 17അംഗ എന്‍മകജെ ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പി- 7, യു.ഡി.എഫ്- 7 (കോണ്‍ഗ്രസ് 4, മുസ്്ലിം ലീഗ്- 3), എല്‍.ഡി.എഫ് മൂന്ന് (സിപിഎം-2, സി പി ഐ- 1) എന്നിങ്ങനെയാണ് കക്ഷിനില.
വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഇന്ന് ഉച്ചക്ക് ശേഷം നടക്കും. മുസ്ലിം ലീഗിലെ അബൂബക്കര്‍ സിദ്ദീഖ് കണ്ടിഗെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി.

Post a Comment
0 Comments