കൊച്ചി (www.evisionnews.co): ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ലൈംഗീക പീഡന പരാതിയില്‍ തങ്ങളെ സഭയും സര്‍ക്കാരും കൈവിട്ടെന്ന് കന്യാസ്ത്രീകള്‍. ഇരയായ ഞങ്ങളുടെ സഹോദരിക്ക് അവകാശപ്പെട്ട നീതിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അതിനാല്‍ നീതി ലഭിക്കും വരെ സമരം ചെയ്യുമെന്നും കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റു വൈകുന്നതില്‍ പ്രതിഷേധിച്ച് ഹൈക്കോടതി ജങ്ഷനില്‍ നടത്തുന്ന പ്രതിഷേധ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു കന്യാസ്ത്രീകള്‍.
74 ദിവസത്തിലധികമായി സംഭവം നടന്നിട്ട്. ഇതുവരെ ഞങ്ങളെ നിരവധി തവണ ചോദ്യം ചെയ്തു. എന്നാല്‍, ബിഷപ്പിനേയോ? കന്യാസ്ത്രീ ചോദിച്ചു. ഇത്തരമൊരു പരാതി ഒരു സാധാരണക്കാരനു നേരെയാണ് വരുന്നതെങ്കില്‍ അയാള്‍ രണ്ടു ദിവസം കൊണ്ട് അറസ്റ്റിലാകുമായിരുന്നു. എന്നാല്‍, ഇവിടെ സംഭവിച്ചത് നേരെ മറിച്ചാണ്. നിരവധി തെളിവുകള്‍ ലഭിച്ചിട്ടും എന്തുകൊണ്ട് ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് വൈകുന്നു. അധികാരമുള്ളതുകൊണ്ടാണോ പണമുള്ളത് കൊണ്ടാണോ എന്നും കന്യാസ്ത്രീകള്‍ ചോദിച്ചു. സര്‍ക്കാരില്‍ നിന്നും സഭയില്‍ നിന്നും ഞങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ല. ഇനി പ്രതീക്ഷ നീതിപീഠത്തില്‍ മാത്രമാണ്. ഞങ്ങളുടെ സഹോദരിക്ക് നീതികിട്ടും വരെ പ്രതിഷേധം തുടരുമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.

Post a Comment
0 Comments