Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ പരിസരത്തെ കടയില്‍ നിന്നും കഞ്ചാവും ഹുക്കയും ഇലക്ട്രോണിക് സിഗരറ്റും പിടികൂടി: ഒരാള്‍ അസ്റ്റില്‍

കാസര്‍കോട് (www.evisionews.co): ചെമ്മനാട് സ്‌കൂള്‍ പരിസരത്ത് നടത്തിയ പൊലീസ് റെയ്ഡില്‍ കഞ്ചാവും ഹുക്കയും ഇലക്ട്രോണിക് സിഗരറ്റും കടയ്ക്കു മുന്നില്‍ ഡിസ്പ്ലേക്ക് വെച്ച ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ചെമ്മനാട് സ്വദേശി സഹീര്‍ അബ്ബാസ് (33) അറസ്റ്റിലായി. ചെറുവത്തൂര്‍ മുതല്‍ മഞ്ചേശ്വരം വരെ സൈക്കിളില്‍ ലഹരിക്കെതിരെ ബോധവത്കരണ യാത്ര നടത്തിയ ജില്ലാ പൊലീസ് ചീഫ് ഡോ. എ ശ്രീനിവാസ് ചെമ്മനാട് സ്‌കൂളില്‍ ലഹരിക്കെതിരെ ബുധനാഴ്ച ഉച്ചയോടെ ക്ലാസെടുത്തിരുന്നു. ഇതിനു ശേഷമാണ് പൊലീസിന് രഹസ്യവിവരം ലഭിച്ചത്. ഇതേതുടര്‍ന്ന് കാസര്‍കോട് ടൗണ്‍ സി.ഐ അബ്ദുല്‍ റഹീമിന്റെ നിര്‍ദേശ പ്രകാരം കാസര്‍കോട് എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തുകയായിരുന്നു.
 
15ഗ്രാം കഞ്ചാവ് പാക്കറ്റ്, കഞ്ചാവ് വലിക്കാനുള്ള നിരവധി ഒ.സി.ബി പേപ്പറുകള്‍, എട്ടോളം ഹുക്കകള്‍, ചൂടുവെള്ളം കൂട്ടി ലഹരി നുണയുന്ന കെറ്റില്‍, ഇ- സിഗരറ്റ്, അതിന്റെ ചാര്‍ജര്‍ തുടങ്ങിയവയാണ് പിടികൂടിയത്. ഇ- സിഗറ്റ് മൊബൈല്‍ വഴിയും ചാര്‍ജ് ചെയ്യാന്‍ പറ്റുമെന്ന് പൊലീസ് പറഞ്ഞു. മുംബൈയില്‍ നിന്നാണ് ഈ സാധനങ്ങളെല്ലാം എത്തുന്നതെന്നും സ്‌കൂള്‍ കുട്ടികളെ മാത്രം ലക്ഷ്യമാക്കിയാണ് ഇത്തരം വസ്തുക്കള്‍ സ്‌കൂള്‍ പരിസരത്തെ കടകളില്‍ വില്‍പന നടത്തുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഡീ. എസ്.ഐമാരായ വേണു ഗോപാല്‍, ബബീഷ്, പൊലീസ് ഉദ്യോഗസ്ഥരായ ജീവന്‍ ദാസ്, മനു, തോമസ്, രൂപേഷ് എന്നിവരും റെയ്ഡിനെത്തിയ സംഘത്തിലുണ്ടായിരുന്നു.



Post a Comment

0 Comments

Top Post Ad

Below Post Ad