Type Here to Get Search Results !

Bottom Ad

ഉദുമയില്‍ റോഡ് വികസനത്തിന് സി.പി.എം തടസം: യൂത്ത് ലീഗ് പ്രകടനവും പൊതുയോഗവും നടത്തി

ഉദുമ (www.evisionnews.co): വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായ ഉദുമ ടൗണില്‍ റോഡ് വികസനത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ സി.പി.എം നിര്‍മിച്ച ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. 
 
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് കെ.എം.എ റഹിമാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് അങ്കക്കളരി സ്വാഗതം പറഞ്ഞു. ഉദുമ പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, സത്താര്‍ മുക്കുന്നോത്ത്, ടി.കെ. ഹസീബ്, കാദര്‍ ഖാത്തിം, ഷംസുദ്ധീന്‍ ഓര്‍ബിറ്റ്, എരോല്‍ മുഹമ്മദ് കുഞ്ഞി, എം.എ നജീബ്, യു.എം ഷരീഫ് പ്രസംഗിച്ചു.
 
 ടൗണില്‍ നടന്ന പ്രകടനത്തിന് ഹൈദര്‍ കോട്ടിക്കുളം, ഹംസ ദേളി, റംഷീദ് നാലാംവാതുക്കല്‍, ഹാഷിം പടിഞ്ഞാര്‍, ജൗഹര്‍ ഉദുമ നേതൃത്വം നല്‍കി. നിരവധി അപകട മരണങ്ങള്‍ക്ക് സാക്ഷിയായ ഉദുമ ടൗണില്‍ ഡിവൈഡറോട് കൂടിയ ആറുവരിപ്പാത നിര്‍മിക്കാന്‍ തയാറാണെന്നും ഇതിന് തടസം നില്‍ക്കുന്ന സി.പി.എം ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റി തന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ പണി ആരംഭിക്കാന്‍ തയാറാണെന്നും കെ.എസ് ടി.പി ഉദ്യോഗസ്ഥര്‍ ഉദുമ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത സര്‍വ കക്ഷിയോഗത്തെ അറിയിച്ചിരുന്നു. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും ബസ് ഷെല്‍ട്ടര്‍ പൊളിച്ചു മാറ്റാന്‍ കെ.എസ്.ടി.പി ഉദ്യോഗസ്ഥരെ സി.പി.എം അനുവദിക്കുന്നില്ല. ബസ് ഷെല്‍ട്ടര്‍ പൊളിക്കാതെ ലഭ്യമായ സ്ഥലത്ത് റോഡ് നിര്‍മ്മിച്ചാല്‍ മതിയെന്നാണ് സി.പി.എം നിലപാട്. സ്ഥലം എം.എല്‍.എ ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റാമെന്ന് പറഞ്ഞതല്ലാതെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല.
 
സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി അനധികൃതമായി നിര്‍മിച്ച ബസ് ഷെല്‍ട്ടര്‍ തങ്ങളുടെ സ്മാരകമാണെന്നും അതു പൊളിച്ചുമാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. റോഡ് വികസനത്തിന് വേണ്ടി കീഴാറ്റൂരില്‍ ഏക്കര്‍ കണക്കിന് നെല്‍വയല്‍ നികത്താന്‍ കൂട്ടുനില്‍ക്കുന്ന സി.പി.എം. ഉദുമയില്‍ സ്വീകരിക്കുന്ന നിലപാട് വിരോധാഭാസമാണ്. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ബസ് ഷെല്‍ട്ടര്‍ നീക്കം ചെയ്യാന്‍ അനുവദിക്കാത്ത വികസന വിരോധികളുടെ നിലപാടില്‍ പ്രതിഷേധിച്ച് വരുംദിവസങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad