ബദിയടുക്ക (www.evisionnews.co): ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ടംഗ സംഘം പണവും സ്വര്‍ണാഭരണങ്ങളുമായി സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ മുഖത്ത് മുളക് പൊടി വിതറിയ ശേഷം കൊള്ളയടിച്ചതായി പരാതി. മൊഗ്രാല്‍ നടുപ്പള്ളത്തെ അബ്ദുല്‍ സുഹൈലാ (24)ണ് കവര്‍ച്ചക്കിരയായത്. 15 പവന്‍ സ്വര്‍ണാഭരണവും 1,70,000 രൂപയുമാണ് കവര്‍ന്നതെന്ന് ബദിയടുക്ക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെ ബാഡൂര്‍ ഓളിബാഗിലു പജ്ജാനയില്‍ വെച്ചാണ് സംഭവം. ബാങ്കില്‍ പണയത്തിന് വെച്ചിരുന്ന സ്വര്‍ണവും വീടിന് അഡ്വാന്‍സായി നല്‍കാനുള്ള ഒരു ലക്ഷം രൂപയും സഹോദരി ഭര്‍ത്താവിന് നല്‍കാനുള്ള 70,000 രൂപയുമായി സഹോദരിയുടെ പെര്‍ള അമേക്കളയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സുഹൈല്‍ കവര്‍ച്ചക്കിരയായത്. ഫോണ്‍ വന്നതിനെ തുടര്‍ന്ന് പജ്ജാന റോഡരികില്‍ ബൈക്ക് നിര്‍ത്തിയപ്പോഴാണ് മറ്റൊരു ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ടുപേര്‍ സുഹൈലിന്റെ മുഖത്ത് മുളക് പൊടി വിതറി തള്ളിയിട്ട ശേഷം പോക്കറ്റിലും ബാഗിലുമാക്കി സൂക്ഷിച്ച പണവും ആഭരണങ്ങളും കൊള്ളയടിക്കുകയായിരുന്നു.
നേരം വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൈലിനെ വഴിയില്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. സഹോദരി ഭര്‍ത്താവ് ലത്തീഫ് നല്‍കിയ പരാതിയില്‍ ബദിയടുക്ക പൊലീസ് അന്വേഷിച്ചുവരുന്നു.

Post a Comment
0 Comments