കാഞ്ഞങ്ങാട് (www.evisionnews.co): വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലപ്പെടുത്താന്‍ ശ്രമിച്ചകേസിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്യുന്നില്ലെന്ന് പരാതി. പാറപ്പള്ളിയിലെ ഷംസീര്‍ ആണ് കേസിലെ പ്രതി. കഴിഞ്ഞ ദിവസം പാറപ്പള്ളിയിലെ ചായക്കടക്ക് മുമ്പില്‍ വച്ചാണ് ഇയാള്‍ അതിക്രമം നടത്തിയത്. മൂന്നാം മൈലിലെ സല്‍സബീല്‍ ഹൗസിലെ അബ്ദുള്ള (21)ക്കാണ് കുത്തേറ്റത്. വാക്കുതര്‍ക്കത്തിനിടെ സോഡാക്കുപ്പിക്കൊണ്ട് കഴുത്തിനും നെഞ്ചത്തും കുത്തുകയായിരുന്നു. ഗുരുതര പരിക്കുകളോടെ അബ്ദുള്ള മംഗലാപുരത്ത് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്.
മംഗലാപുരത്ത് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയായ അബ്ദുള്ള കഴിഞ്ഞ വ്യാഴാഴ്ച സുഹൃത്ത് സഫീറിനൊപ്പം പാറപ്പള്ളിയിലെ ചായക്കടയിലിരിക്കുകയായിരുന്നു. അവിടെയെത്തിയ ഷംസീര്‍ തണുത്ത പാല്‍പായ്ക്കെറ്റെടുത്ത് തന്റെ മുഖത്ത് വച്ചെന്നും ഇത് ചോദ്യം ചെയ്തതിനാണ് തന്നെ കുത്തിയതെന്നും അബ്ദുള്ള പറഞ്ഞു. സോഡാക്കുപ്പിയെടുത്ത് ആദ്യം സഫീറിന്റെ തലയ്ക്കടിച്ചു. അപ്പോള്‍ തന്നെ സഫീര്‍ ബോധരഹിതനായി. ഇതുകണ്ട അബ്ദുള്ള ഷംസീറിനെ തള്ളിമാറ്റാന്‍ ശ്രമിച്ചു. കുപിതനായ ഷംസീര്‍ പൊട്ടിയ സോഡാക്കുപ്പി കൊണ്ട് അബ്ദുള്ളയെ ഒന്നിലേറെ തവണ കുത്തുകയായിരുന്നു. കുത്തുന്നതിനിടെ സോഡാക്കുപ്പിയുടെ അഗ്രഭാഗം കൊണ്ട് ഷംസീറിന്റെ വിരല്‍മുറിഞ്ഞിരുന്നു. ഇയാള്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
സംഭവത്തില്‍ ഇയാള്‍ക്കെതിരെ അമ്പലത്തറ പൊലീസ് 307,308 വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. എന്നാല്‍ ആസ്പത്രിയില്‍ കിടക്കുന്നുണ്ടെന്നറിഞ്ഞിട്ടും പോലീസെത്തി ഇയാളെ അറസ്റ്റ് രേഖപ്പെടുത്താത്തതില്‍ പ്രതിഷേധം ഉയരുന്നത്.

Post a Comment
0 Comments