ആലപ്പുഴ (www.evisionnews.co): എസ്ഡിപിഐ അരുംകൊല ചെയ്ത മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി സംസ്ഥാന വ്യാപകമായി റെയ്ഡ്. കേസില്‍ പ്രതികളായ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ ഇടുക്കിയില്‍ വണ്ടിപ്പെരിയാറിലും പീരുമേട്ടില്‍ നിന്നുമായി അറസ്റ്റ് ചെയ്തു. ആലപ്പുഴയില്‍ എണ്‍പതിലധികം എസ്്ഡിപിഐ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുകയാണ്. അതേസമയം അഭിമന്യുവിന്റെ കൊലപാതകത്തില്‍ വന്‍ ഗൂഢാലോചയുണ്ടായിട്ടുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലാകെ 15 പ്രതികളാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടും പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് കോളജില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. കൊലപാതകം ആസൂത്രിതമാണെന്ന വ്യക്തമായ സൂചന ആദ്യ ദിവസം തന്നെ പൊലീസിന് ലഭിച്ചിരുന്നു. ആയുധ പരിശീലനം ലഭിച്ച 15 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേരെയാണ് ഇതിനകം പിടികൂടിയത്. കോട്ടയം കങ്ങഴ പത്തനാട് ചിറയ്ക്കല്‍ ബിലാല്‍ (19), പത്തനംതിട്ട കുളത്തൂര്‍ നരക്കാത്തിനാംകുഴിയില്‍ ഫറൂഖ് അമാനി (19), പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഫോര്‍ട്ട്‌കൊച്ചി കല്‍വത്തി പുതിയാണ്ടി റിയാസ് (37) എന്നിവരാണ് അറസ്റ്റിലായത്.

Post a Comment
0 Comments