ബേക്കല്‍ (www.evisionnews.co): പാലക്കുന്നില്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ കഞ്ചാവ് മാഫിയാ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ വെടിയേറ്റ് പരിക്കേറ്റ സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. കോട്ടിക്കുളത്തെ കോലാച്ചി നാസറിനെതിരെ (38)യാണ് ബേക്കല്‍ പൊലീസ് വധശ്രമത്തിനും ലൈസന്‍സില്ലാതെ തോക്ക് കൈവശം വെച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തത്.
കോലാച്ചി നാസര്‍ നേരത്തെ ഒരു കവര്‍ച്ചാക്കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍പോയ പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കോട്ടിക്കുളത്തെ ഫയാസി (19)നെയാണ് കാലിന് വെടിയേറ്റ നിലയില്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച രാത്രി 11മണിയോടെ കോട്ടിക്കുളം പഴയ എസ്.ബി.ഐ. കെട്ടിടത്തോട് ചേര്‍ന്നുള്ള കെട്ടിട സമുച്ചയത്തിനകത്താണ് സംഘര്‍ഷമുണ്ടായത്. പണമിടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സംഘം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെയാണ് ഫയാസിന് വെടിയേറ്റത്. വിവരമറിഞ്ഞ് എസ്.ഐ പി.കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുമ്പോഴേക്കും വെടിയുതിര്‍ത്തയാള്‍ അടക്കമുള്ള സംഘം രക്ഷപ്പെട്ടിരുന്നു. പൊലീസ് ആസ്പത്രിയിലെത്തി ഫയാസിന്റെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയുമായിരുന്നു. നാസര്‍ മാത്രമാണ് വെടിവെച്ചതെന്നും മറ്റാരും തന്നെ ആക്രമിച്ചിട്ടില്ലെന്നും ഫയാസ് പൊലീസിന് മൊഴിനല്‍കി.
സംഘര്‍ഷമുണ്ടായ കെട്ടിട സമുച്ചയത്തിന് സമീപത്തെ സി. സി.ടി.വി. ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചു. രാത്രി 11മണിക്ക് ഒരുസംഘം യുവാക്കള്‍ കാറില്‍ എത്തുന്നതും അതില്‍ നിന്നും ഫയാസ് ഇറങ്ങി നിര്‍ത്തിയിട്ട ബൈക്കില്‍ കയറുന്നതും ഉടന്‍ തന്നെ വെടിയേറ്റ് വീഴുന്നതുമായ ദൃശ്യങ്ങള്‍ സി.സി.ടി.വിയിലുണ്ട്.
നാസര്‍ വെടിയുതിര്‍ത്തപ്പോള്‍ ഇന്റര്‍ലോക്കില്‍ തറച്ച് വെടിച്ചീള് ഫയാസിന്റെ കാലില്‍ തുളച്ചുകയറുകയായിരുന്നു. ഫയാസിനെ സംഘത്തില്‍പെട്ടവര്‍ തന്നെയാണ് ആസ്പത്രിയിലെത്തിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി മംഗളൂരുവിലാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

Post a Comment
0 Comments