തിരുവനന്തപുരം (www.evisionnews.co): ചെങ്ങന്നൂരില്‍ യു.ഡി.എഫിനേറ്റ കനത്ത തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ വാളോങ്ങി മുസ്ലിംലീഗ്. ചെങ്ങന്നൂരിലെ പ്രചാരണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് സ്ഥാനാര്‍ത്ഥി തന്നെ പറഞ്ഞ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നു മുസ്ലിം ലീഗ് മുതിര്‍ന്ന നോതാവും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചെങ്ങന്നൂരിലെ പ്രചാരണരംഗത്ത് പാകപ്പിഴകള്‍ സംഭവിച്ചതായി സ്ഥാനാര്‍ത്ഥിക്ക് തന്നെ ബോധ്യമായിട്ടുണ്ടെങ്കില്‍ അതിനെ ഗൗരവത്തോടെ കണ്ടു നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് തിരുത്തലിന് തയാറാകണം. കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിലോ മുന്നണി സംവിധാനത്തിനോ വീഴ്ച സംഭവിച്ചെങ്കില്‍ അതും തിരുത്തപ്പെടണമെന്നും അദ്ദേഹം പ്രതികരിച്ചു.
പോളിങ് ദിവസം പോലും സര്‍ക്കാരിനെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടും യു.ഡി.എഫിന് വലിയ പരാജയ സംഭവിച്ചതിന്റെ കാരണങ്ങള്‍ വിലയിരുത്താന്‍ തയാറാകണം. ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലങ്ങളില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ തന്ത്രങ്ങളില്‍ തിരുത്തല്‍ ആവശ്യമുണ്ടെന്നാണ് ചെങ്ങന്നൂര്‍ ഫലം തെളിയിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Post a Comment
0 Comments