കോഴിക്കോട് (www.evisionnews.co): കനത്ത മഴയില്‍ കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍. കോഴിക്കോട് ജില്ലയിലെ നാലിടത്തും മലപ്പുറത്തെ എടവണ്ണയിലുമാണ് ഉരുള്‍പൊട്ടിയത്. കോഴിക്കോട് ജില്ലയില്‍ കക്കയം, മങ്കയം, പുല്ലൂരാംപാറ, ഈങ്ങാപ്പാറ, കട്ടിപ്പാറ എന്നിവടങ്ങളില്‍ ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരണപ്പെട്ടു. അബ്ദുല്‍ സലീമിന്റ മകള്‍ ദില്‍നയാണ് മരിച്ചത്.
മലപ്പുറം എവടണ്ണയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീടുകളും കൃഷിയും ഒഴുകി പോയി. കാരശേരി തണ്ണിപ്പടിയിലും കക്കയം അങ്ങാടിക്ക് സമീപവും ബാലുശേരി മങ്കയത്തും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. വയനാട് ചുരത്തിലെ ഒമ്ബതാം വളവില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. കട്ടിപ്പാറയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വീടുകളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ നാട്ടുകാരുടെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടരുകയാണ്. താമരശേരി കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലിനിടെ കുടുംബം ഒഴുക്കില്‍പ്പെട്ടു. ഒഴുക്കില്‍പ്പെട്ട കുടുംബത്തെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. രണ്ടു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലാണെന്ന് പ്രാഥമിക വിവരം.

Post a Comment
0 Comments