കാസര്‍കോട് (www.evisionnews.co): കൊച്ചുവേളി- മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ എക്‌സ്പ്രസിന് ജില്ലാ ആസ്ഥാനമായ കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ റെയില്‍വെ മന്ത്രി പിയൂസ് ഗോയിലിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് തുടങ്ങി നിരവധി സ്ഥാപനങ്ങളുള്ള കാസര്‍കോട് ജില്ലയില്‍ നിലവില്‍ അഞ്ചു ദീര്ഘദൂര ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പില്ല. അതുകൊണ്ട് ദീര്‍ഘദൂര യാത്രക്കാരടക്കം വലിയ രീതിയിലുള്ള ദുരിതമാണ് അനുഭവിക്കുന്നത്. ഇതിന് പിന്നാലെയാണ് ഏറെ പ്രതീക്ഷയോടെ ഓടിത്തുടങ്ങിയ അന്ത്യോദയ എക്‌സ്പ്രസ് ട്രെയിനും കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിക്കാതെ അവഗണിച്ചത്.
തിരുവനന്തപുരം സെന്‍ട്രല്‍- നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, തിരുവനന്തപുരം- നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്,ബിക്കാനിയൂര്‍- കോയമ്പത്തൂര്‍ എസി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ദാദര്‍ തിരുനല്‍വേലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍- നിസാമുദ്ദീന്‍ രാജധാനി എക്‌സപ്രസ് എന്നീ ട്രെയിനുകള്‍ക്ക് കാസര്‍കോട് ജില്ലാ ആസ്ഥാന റെയില്‍വെ സ്റ്റേഷനില്‍ സ്റ്റോപ്പില്ലാത്തതിനെ തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് വര്‍ഷങ്ങളായി ഉയരുന്നത്. ഈ പ്രതിഷേധം അവഗണിച്ചാണ് പുതുതായി ആരംഭിച്ച സര്‍വീസ് ആരംഭിച്ച അന്ത്യോദയ എക്‌സ്പ്രസ് കാസര്‍കോടിലൂടെ നിര്‍ത്താതെ ഓടുന്നത്. ഇത് ജില്ലയിലെ ജനങ്ങളോടുള്ള കടുത്ത അവഗണനയാണെന്നും അന്ത്യോദയ എക്‌സ്പ്രസിന് ഉടന്‍ തന്നെ കാസര്‍കോട് സ്‌റ്റോപ്പ് അനുവദിക്കാനുള്ള നടപടികള്‍ കൈകൊള്ളണമെന്നും എം.എല്‍.എ നിവേദനത്തില്‍ ആവശ്യപ്പെട്ടു. റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍, ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജര്‍, ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ എന്നിവര്‍ക്കും നിവദേനം അയച്ചിട്ടുണ്ട്.

Post a Comment
0 Comments