കാസര്‍കോട് (www.evisionnews.co): മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി എറണാകുളത്തെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആദൂര്‍ ആലന്തടുക്കയിലെ മുല്ലച്ചേരി കുഞ്ഞിരാമന്‍ നായര്‍- ബേപ്പൂര്‍ സാവിത്രി ദമ്പതികളുടെ മകന്‍ സുധീഷ് കുമാര്‍ (37)ആണ് മരിച്ചത്. രണ്ടുമാസംമുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. എറണാകുളത്തെ ആസ്പത്രിയില്‍ നടത്തിയ ചികിത്സയില്‍ മജ്ജ മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് ഒരുമാസത്തോളമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ശസ്ത്രക്രിയക്ക് 15 ലക്ഷത്തോളം രൂപ ചെലവ് വരുന്നതിനാല്‍ വിവിധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ചികിത്സാസഹായ സമിതി രൂപീകരിച്ചിരുന്നു. അക്കൗണ്ട് വഴി കിട്ടിയ പണം കൊണ്ട് ശസത്രക്രിയ നടത്താനുള്ള ഒരുക്കങ്ങള്‍ നടത്തവെയാണ് സുധീഷ് മരണത്തിന് കീഴടങ്ങിയത്.
മട്ടന്നൂര്‍ പഴശ്ശിരാജ മെമ്മോറിയല്‍ എന്‍.എസ്.എസ് കോളജ് ജീവനക്കാരനായിരുന്നു. ഭാര്യ: ജിഷ (അധ്യാപിക ജി.എച്ച്.എസ്.എസ് ബെള്ളൂര്‍). നാലുവയസുള്ള വൈഗലക്ഷ്മി ഏകമകളാണ്. സഹോദരങ്ങള്‍: സുജിത് കുമാര്‍, ശരത് കുമാര്‍ (കാലടി എന്‍.എസ്.എസ് കോളജ് ജീവനക്കാരന്‍).

Post a Comment
0 Comments