കാസര്‍കോട് (www.evisionnews.co): മൂന്നര വയസുകാരന്റെ അപകടമരണത്തില്‍ നടുക്കംമാറാതെ നാട്ടുകാരും ബന്ധുക്കളും. മൊഗ്രാല്‍ റെയില്‍വെ ട്രാക്കിന് സമീപം ഒളച്ചാലില്‍ വാടക വീട്ടില്‍ താമസിക്കുന്ന സിദ്ദീഖ്- ആയിഷ ദമ്പതികളുടെ മകന്‍ ബിലാലാണ് ട്രെയിനിടിച്ച് മരിച്ചത്. മൊഗ്രാല്‍ കൊപ്പളത്ത് ഉച്ചയ്ക്ക് 12.45 മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. സഹോദരന്‍ ഇസ്മായിലിനൊപ്പം ട്രാക്കിന് അപ്പുറത്തുള്ള ഉമ്മൂമയുടെ വീട്ടില്‍ നിന്നും വെള്ളമെടുക്കാന്‍ പോയ മാതാവിനെ തേടിയിറങ്ങിയതായിരുന്നു മരിച്ച ബിലാല്‍. അതിനിടയിലാണ് മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്റര്‍ സിറ്റി എക്‌സപ്രസ് സഹോദരങ്ങളെ ഇടിച്ചുതെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ കുട്ടികളുടെ തല സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയും ബിലാല്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസുകാരന്‍ ഇസ്മായിലിനെ ഓടിക്കൂടിയവരാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മംഗളൂരുവിലെ ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇസ്മായിലിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് നാട്ടുകാരും ബന്ധുക്കളും. അപകട മരണ വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് കൊപ്പളത്തെ വീട്ടിലും ജനറല്‍ ആസ്പത്രിയിലും തടിച്ചുകൂടിയത്.
കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൊഗ്രാല്‍ വലിയ ജുമാമസ്ജിദില്‍ കബറടക്കി. സഹോദരങ്ങള്‍: ഷഹനാസ് (ഏഴ്), ഷാഹിദ് (ഒന്ന്).

Post a Comment
0 Comments