Type Here to Get Search Results !

Bottom Ad

രാധിക വെമുലയെ തെരുവിലെറിയാന്‍ വ്യാജ പ്രചാരണങ്ങള്‍ക്കാവില്ല

സി.കെ സുബൈര്‍



രോഹിത് വെമുലയുടെ ആത്മഹത്യക്ക് ശേഷം ഹൈദ്രാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് മുമ്പില്‍ ഉയര്‍ന്ന സമരപ്പന്തലില്‍ നിന്നാണ് ആ കുടുംബവും മുസ്ലിം ലീഗും തമ്മിലുള്ള ആത്മബന്ധം ആരംഭിക്കുന്നത്. അന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ഞാനും എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് ടി.പി അഷ്‌റഫലിയും സമരപ്പന്തലിലെത്തി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. സംയുക്ത സമരസമിതിക്ക് ഒരു ലക്ഷം രൂപ സഹായവും നല്‍കി. ആ സമരം വിജയിക്കേണ്ടത് ഇന്ത്യയിലെ ഓരോ ഫാസിസ്റ്റ് വിരുദ്ധമുന്നേറ്റങ്ങളുടെയും അതിജീവനത്തിന് അനിവാര്യമായിരുന്നു. അവിടെ വച്ചാണ് രാധികാമ്മയെ കേരളത്തിലേക്ക് ക്ഷണിച്ചത്. ശംഖുമുഖം കടപ്പുറത്ത് കേരള യാത്രയുടെ സമാപന സമ്മേളന വേദിയില്‍ അവരെത്തിയത് അങ്ങനെയാണ്. ആ സന്ദര്‍ശനവേളയിലാണ് പാവപ്പെട്ട ആ കുടുംബത്തിന് സ്വന്തമായി വീടില്ല എന്ന് ബോധ്യമായത്. ഒരു വീട് വച്ച് നല്‍കാനുള്ള സന്നദ്ധത മുസ്ലിം ലീഗ് അറിയിച്ചു. പക്ഷേ സ്വന്തമായി അവര്‍ക്ക് ഭൂമിയും ഉണ്ടായിരുന്നില്ല.
പിന്നീടാണ് ആന്ധ്രയിലെ റിട്ട. ഐ.പി.എസ്, ഐ.എ.എസ് അസോസിയേഷന്‍ വീടുവക്കാനായി സ്ഥലം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് രാജവെമുല വിളിച്ച് പറഞ്ഞത്. സയ്യിദ് മുനവറലി ശിഹാബ് തങ്ങളോടൊപ്പം അവിടം സന്ദര്‍ശിച്ചു. രോഹിതിന്റെ സഹപ്രവര്‍ത്തകരായിരുന്ന എഎസ്എ നേതാക്കളും, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ എംഎസ്എഫ് പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. അവര്‍ കാട്ടിതന്ന സ്ഥലത്ത് രണ്ട് ബെഡ്‌റൂം സഹിതം 15മുതല്‍ 20ലക്ഷം രൂപ വരെ ചെലവില്‍ ഒരു വീട് നിര്‍മിച്ചു നല്‍കാം എന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥലത്തിന്റെ രേഖകള്‍ എത്രയും വേഗം ശരിയാക്കാന്‍ അവരോട് നിര്‍ദ്ദേശിച്ചു. അവിടുത്തെ കെ എം സി സി പ്രവര്‍ത്തകരോടും, ലീഗ് നേതാക്കളോടും നിര്‍മ്മാണം ആരംഭിക്കാനള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കണമെന്നും, നിര്‍ദേശിച്ചാണ് മടങ്ങിയത്.
2016 മെയ് മാസമാണ് അത് നടന്നത്. അന്നത്തെ ഹിന്ദു ദിനപത്രം അത് വാര്‍ത്തയാക്കിയിരുന്നു. ആ സമരം നടക്കുമ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും,ആന്ധ്ര മുഖ്യമന്ത്രിയും രാജവെമുലക്ക് ജോലി നല്‍കാം എന്ന ഓഫര്‍ നല്‍കി. അത് പാലിക്കപ്പെട്ടില്ല. ആ കുടുംബത്തിന് മുന്‍പില്‍ ജീവിതം വലിയ ചോദ്യചിഹ്നമായി മാറിയപ്പോഴാണ് രാജവെമുല ജീവനോപാധി എന്ന നിലക്ക് ഒരു വാഹനം വാങ്ങാന്‍ തീരുമാനിച്ചത്.
അന്ന് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഷെയ്ഡ് പദ്ധതിയില്‍ നിന്ന് വാഹനം വാങ്ങാനായി യൂത്ത് ലീഗ് ഒരു ലക്ഷം രൂപ നല്‍കിയിരുന്നു.
ഒരു വര്‍ഷത്തോളം ആ സ്ഥലം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ആ കുടുംബവും നമ്മളും കാത്തിരുന്നു. പക്ഷേ പിന്നീട് അസോസിയേഷന്‍ അവരുടെ വാഗ്ദാനത്തില്‍ നിന്ന് പുറകോട്ട് പോയി. ആ ഭൂമി അവര്‍ക്ക് ലഭിച്ചില്ല. 2017ലാണ് വീടും സ്ഥലവും വാങ്ങാനുള്ള ഒരു ആശയം രാജാവെമുല മുന്നോട്ടു വച്ചത്. എന്തായാലും പാര്‍ട്ടി ഓഫര്‍ ചെയ്ത തുക നല്‍കാമെന്ന് പറഞ്ഞു.
13.7 ലക്ഷം രൂപക്ക് ഒരു വീട് ശരിയായിരുന്നു. അത് വാങ്ങാം എന്ന് ഉറപ്പിച്ചു. പക്ഷേ ആ വീടും രേഖകള്‍ ശരിയല്ലെന്ന് പറഞ്ഞ് ആ കുടുംബം തന്നെയാണ് ഒഴിവാക്കിയത്. അങ്ങനെയാണ് ഹൈദ്രാബാദില്‍ ഒരു ഫ്‌ളാറ്റ് വാങ്ങാം എന്ന പ്രൊപോസല്‍ അവര്‍ മുന്നോട്ട് വെച്ചത് . നിരന്തരമായ സംഘ്പരിവാര്‍ ഭീഷണിയുടെ നിഴലില്‍ കഴിയുന്ന കുടുംബത്തിന് സുരക്ഷിതമായി താമസിക്കാന്‍ കഴിയുന്ന സ്ഥലം ഹൈദരാബാദില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് സ്വന്തം ജന്മനാടായ ഗുണ്ടൂരില്‍ തന്നെ അപ്പാര്‍ട്ട്‌മെന്റ് വാങ്ങാമെന്ന് തീരുമാനിച്ചത്. ഇതുമായി ബന്ധപെട്ടു അഞ്ചുലക്ഷം രൂപ അഡ്വാന്‍സ് നല്‍കാനായി അവര്‍ കഴിഞ്ഞ മാസം ആവശ്യപ്പെട്ടു.
ഉടനെ തന്നെ രണ്ടരലക്ഷം രൂപയുടെ രണ്ട് ചെക്കുകള്‍ അയച്ച് നല്‍കി. അതു അക്കൗണ്ടിംഗ് സൗകര്യത്തിന് വേണ്ടി ആയിരുന്നു. അതില്‍ ഒരു ചെക്ക് ക്‌ളറിക്കല്‍ മിസ്‌റ്റേക്ക് മൂലം മടങ്ങി. അവര്‍ ശ്രദ്ധയില്‍ പെടുത്തിയ മുറക്ക് മറ്റൊരു ചെക്ക് അയച്ചു നല്‍കി.ആ അപ്പാര്‍ട്ട്‌മെന്റിന്റെ കച്ചവടം നടന്നാല്‍ രജിസ്‌ട്രേഷന്‍ സമയത്ത് ലീഗ് പറഞ്ഞ ബാക്കി തുക കൃത്യമായി ആ കുടുംബത്തിന് ലഭിക്കും.
വീട് വാങ്ങുന്ന പ്രക്രിയ പൂര്‍ത്തിയാകുന്ന മുറക്ക് തുക നല്‍കൂ എന്ന് മുസ്ലിം ലീഗ് തീരുമാനിച്ചത് അവര്‍ക്കു ഒരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകണമെന്നത് കൊണ്ടാണ്. അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കും എന്നല്ല മുസ്ലിം ലീഗ് പറഞ്ഞത് വീടുണ്ടാക്കി നല്‍കും എന്നാണ്. ഇപ്പോള്‍ നല്‍കിയ അഡ്വന്‍സിന്റ അടിസ്ഥാനത്തില്‍ എപ്പോള്‍ വീടിന്റെ രജിസ്‌ട്രേഷന്‍ നടന്നാലും മുസ്ലിം ലീഗ് പറഞ്ഞ തുക നല്‍കും.
രാധിക വെമുലക്ക് ഭാഷ ഒരു പ്രശ്‌നമായതു കൊണ്ട് രാജ വെമുലയുമായിട്ടാണ് നാം സമ്പര്‍ക്കം പുലര്‍ത്തി വരുന്നത്. ഇന്നലെ വരെ ഈ വിഷയത്തില്‍ നാം അദ്ദേഹവുമായി നിരന്തരം ആശയ വിനിമയം നടത്തി വരികയാണ്. ഒരു ആശയക്കുഴപ്പമോ വിശ്വാസക്കുറവോ അവര്‍ക്ക് ലീഗിനോടില്ലെന്ന് അവര്‍ പരസ്യമായി തന്നെ പറഞ്ഞുകഴിഞ്ഞു.
ഈവസ്തുതകള്‍ വക്രീകരിച്ച് വാര്‍ത്ത ചമച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പല അജണ്ടകളുണ്ട്. ഒന്നാമതായി രാജ്യത്ത് മുസ്ലിം ദളിത് സമുദായക്കള്‍ക്കിടയില്‍ ശക്തിപ്പെട്ടു വരുന്ന സ്വത്വ പരമായ സാഹോദര്യത്തെ തകര്‍ക്കണം. രണ്ടാമതായി മുസ്ലിം ലീഗിന്റെ വിശ്വാസ്യത തകര്‍ക്കണം. മൂന്നാമതായി ആ കുടുംബം സ്വന്തം വീട്ടില്‍ അന്തിയുറങ്ങുന്ന സാഹചര്യം ഇല്ലാതാക്കണം. പക്ഷേ നിരാശപ്പെടേണ്ടി വരും.ഒന്നും നടക്കാന്‍ പോകുന്നില്ല. ആ കുടുംബവുമായി ലീഗിനുള്ള ആത്മബന്ധം അത്രമേല്‍ ദൃഡമാണ്. ഞങ്ങളുടെ സഹോദരന്‍മാരാണ് രോഹിതും,രാജയും. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് ആ ബന്ധം തകര്‍ക്കാനാവില്ല. ഇന്നലെ രാജവെമുല തന്നെ അത് പരസ്യമായി പറഞ്ഞു. മുസ്ലിം ലീഗിനെ വിശ്വാസമാണെന്ന്.
രണ്ടാമത്തേത് ലീഗിന്റെ വിശ്വാസ്യത. നൂറു ബൈത്തുറഹ്മകളാണ് ലീഗ് കേരളത്തില്‍ ആദ്യം പ്രഖ്യാപിച്ചത്. വര്‍ഷക്കള്‍ക്കിപ്പുറത്ത് വീടുകളുടെ എണ്ണം ആയിരങ്ങളാണ്. അതിലെത്രയോ വീടുകള്‍ പാവപെട്ട ദളിത് സഹോദരന്മാര്‍ക്കാണ് നിര്‍മ്മിച്ച് നല്‍കിയത്. പ്രശസ്തരല്ലാത്ത എത്രയോ പാവം കുടുംബങ്ങള്‍ ലീഗ് നല്‍കിയ കാരുണ്യത്തിന്റെ സുരക്ഷിതത്വത്തില്‍ അന്തിയുറങ്ങുന്നു. അങ്ങനെയുള്ള മുസ്ലിം ലീഗിന് രോഹിതിന്റെ കുടുംബത്തിനൊരു വീട് ഒരു ബാധ്യതയേ അല്ല. ഞങ്ങള്‍ക്കത് സന്തോഷമാണ്. രോഹിതിന്റെ സംഭവത്തിന് ശേഷം രാജ്യത്തെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു ജുനൈദിന്റേത്.ആ കുടുംബത്തിന് ഒരു സ്ഥിരവരുമാനമായിരുന്നു ലീഗിന്റെ ഓഫര്‍. ആഴ്ചകള്‍ക്കുള്ളില്‍ ഡ്രൈവറായ പിതാവിന് വാഹനം വാങ്ങി നല്‍കി. ജുനൈദിന്റെ ഇളയ സഹോദരന്‍മാരുടെ വിദ്യഭ്യാസത്തിനു വേണ്ട ഇടപെടലുകള്‍ നടത്തിയതും മുസ്ലിം ലീഗാണ്.ഉമര്‍ഖാന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നല്‍കി. ഉന്നാവോയില്‍ ബിജെപി എംഎല്‍എ ക്രൂരമായി ബലാല്‍സംഗം ചെയ്ത്,പരാതി പറഞ്ഞതിന്റെ പേരില്‍ അഛനെ നഷ്ടപ്പെട്ട, ഠാക്കൂര്‍ സമുദായത്തില്‍ പിറന്ന പെണ്‍കുട്ടിക്ക് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അഞ്ച് ലക്ഷം രൂപ നല്‍കി. അവരുടെ നിയമ പോരാട്ടത്തിനും മുസ്ലിം യൂത്ത് ലീഗ് കൂടെയുണ്ട്. കഠ്വയിലെ പെണ്‍കുട്ടിയുടെ നിയമ പോരാട്ടത്തിനും യൂത്ത് ലീഗ് ദേശീയ കമ്മിറ്റി കൂടെയുണ്ട്. മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ വടക്കേയിന്ത്യയിലെ എത്രയോ ഗ്രാമങ്ങളുടെ നേരനുഭവമാണ്.ആ മഹത്തായ ചരിത്രത്തെയും വര്‍ത്തമാനത്തെയും സംഘ് പരിവാര്‍ കൂലിയെഴുത്തുകാര്‍ക്ക് ഇല്ലാതാക്കാനാവില്ല. രാധികാമ്മയും കുടുംബവും തെരുവിലാകും എന്നും കരുതണ്ട.ഏതാനും ദിവസങ്ങള്‍ കൊണ്ട് ആ സ്വപ്നം യാഥാര്‍ഥ്യമാകും. കൂലിയെഴുത്തുകാരുടെ പ്രശംസക്ക് വേണ്ടിയല്ല മുസ്ലിം ലീഗ് ആ ഓഫര്‍ നല്‍കിയത്. അതുകൊണ്ട് തന്നെ വ്യാജ പ്രചാരണങ്ങള്‍ക്ക് ചെവികൊടുക്കില്ല. ആ കുടുംബത്തിന് നല്‍കിയ വാഗ്ദാനം മുസ്ലിം ലീഗ് പാലിക്കുക തന്നെ ചെയ്യും. ഈ വിഷയത്തില്‍ ആദ്യഘട്ടം മുതല്‍ അവരുമായി ബന്ധപ്പെടാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയത് എന്നെയാണ് എന്നതുകൊണ്ടും ആവാര്‍ത്തയില്‍ എന്റെ പേര് പരാമര്‍ശിച്ചു കണ്ടു എന്നത് കൊണ്ടുമാണ് ഈ വിശദീകരണം.
(യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി)



Tags

Post a Comment

0 Comments

Top Post Ad

Below Post Ad